ഹര്‍ത്താല്‍, പണിമുടക്ക്: ഖജനാവിന് നഷ്ടം 22,000 കോടി
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആഭ്യന്തര വരുമാനത്തിന്റെ തോതനുസരിച്ച ആറ് പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ടാലുണ്ടാവുന്ന കുറവ് 12,294 കോടിയാണ്. നടപ്പു സാമ്പത്തികവര്‍ഷം ഈ നഷ്ടം 15,000 കോടിലേറെ വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
തിരുവനന്തപുരം: തുടര്‍ച്ചയായ ഹര്‍ത്താലുകളും പണിമുടക്കുകളും സംസ്ഥാനത്തിന് വരുത്തിവച്ചത് ഭീമമായ നഷ്ടം. കഴിഞ്ഞ മൂന്നുമാസത്തിനിടെ മാത്രം നടത്തിയ ഹര്‍ത്താലുകളും പണിമുടക്കും മൂലം 22,000 കോടിയോളം രൂപ ഖജനാവിന് നഷ്ടമായിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അടുത്തിടെ നാലു ഹര്‍ത്താലുകളാണ് സംസ്ഥാനവ്യാപകമായി നടന്നത്. പ്രാദേശിക ഹര്‍ത്താലുകള്‍ വേറെയും. ഇതിനുപിന്നാലെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ദേശീയ പണിമുടക്കും ആവേശപൂര്‍വം ഏറ്റെടുത്തു. ഇത്തരത്തില്‍ മൂന്നു മാസത്തിനിടെ ആറുദിവസം സംസ്ഥാനം പൂര്‍ണമായും സ്തംഭിച്ചതോടെ കേരളത്തിനുണ്ടായ നഷ്ടം ഭീമമാണ്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആഭ്യന്തര വരുമാനത്തിന്റെ തോതനുസരിച്ച ആറ് പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ടാലുണ്ടാവുന്ന കുറവ് 12,294 കോടിയിലധികം രൂപയാണ്. എന്നാല്‍, നടപ്പു സാമ്പത്തികവര്‍ഷം കണക്കൂകൂട്ടിയാല്‍ ഈ നഷ്ടം 15,000 കോടിലേറെ വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ആഭ്യന്തര വരുമാനത്തില്‍ തന്നെ രണ്ടുശതമാനം കുറവ് ഉണ്ടായിട്ടുണ്ടത്രേ. പ്രാദേശിക ഹര്‍ത്താലുകള്‍ മൂലമുള്ള കണക്കുകള്‍ ഉള്‍പ്പെടുത്തിയാല്‍ നഷ്ടത്തിന്റെ തോത് ഇനിയും ഉയര്‍ന്നേക്കാം.
പണിമുടക്ക് ദിനത്തില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തതിനാല്‍ ശമ്പള ഇനത്തിലും സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാവും. രണ്ടുദിവസം ജോലിയെടുക്കാതെ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളം നല്‍കാന്‍ 700 കോടിലേറെ രൂപയാണ് ചിലവഴിക്കേണ്ടത്. ചുരുക്കത്തില്‍ നഷ്ടം 22,000 കോടി. ഹര്‍ത്താലിനെതിരേ പലകോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും അധികദിനം നീണ്ടുനില്‍ക്കാറില്ല. ഭൂരിഭാഗവും എല്ലാം മറന്ന് അടുത്ത ഹര്‍ത്താലിനായി കാത്തിരിക്കും. എന്നാല്‍ ഓരോ ഹര്‍ത്താലും നമ്മുടെ നാടിന്റെ വരുമാനത്തില്‍ നിന്നും നഷ്ടപ്പെടുത്തി കളയുന്ന കോടികള്‍ ഒരുകാലത്തും പരിഹരിക്കാനാവാത്തതാണ്. ഈ ഘട്ടത്തില്‍ ഹര്‍ത്താലിനെതിരേ പ്രതികരിക്കുന്നതിനൊപ്പം ഹര്‍ത്താല്‍ മോഹികളെ നിരുല്‍സാഹപ്പെടുത്താനും ശ്രമങ്ങളുണ്ടാവണം.
