2002ലെ മുസ്‌ലിം വംശഹത്യയ്ക്കു ശേഷവും ഗുജറാത്ത് അശാന്തമാണെന്ന് പഠന റിപോര്‍ട്ട്

2019ല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ആറ് സാമുദായിക കലാപങ്ങളും രണ്ട് ജനക്കൂട്ട ആക്രമണങ്ങളും മോദി രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത 2014 നു ശേഷം ഗ്രാമീണ മേഖല നിരന്തരം സാമുദായിക സംഘട്ടനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിവില്‍ സൊസൈറ്റി സംഘടനയായ ബുനിയാദ് പുറത്തിറക്കിയ റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Update: 2021-01-12 06:21 GMT

ന്യൂഡല്‍ഹി: 2000ത്തോളം പേരുടെ ജീവന്‍ അപഹരിച്ച 2002ലെ മുസ്‌ലിം വംശഹത്യയ്ക്കു ശേഷം ഗുജറാത്ത് ശാന്തമാണെന്ന ബിജെപി നേതാക്കളുടെ അവകാശവാദം കല്ലുവച്ച നുണയാണെന്ന് ചൂണ്ടിക്കാട്ടി പഠന റിപോര്‍ട്ട്.

2019ല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ആറ് സാമുദായിക കലാപങ്ങളും രണ്ട് ജനക്കൂട്ട ആക്രമണങ്ങളും മോദി രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത 2014 നു ശേഷം ഗ്രാമീണ മേഖല നിരന്തരം സാമുദായിക സംഘട്ടനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിവില്‍ സൊസൈറ്റി സംഘടനയായ ബുനിയാദ് പുറത്തിറക്കിയ റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 16 പേജുള്ള 2019ലെ വാര്‍ഷിക പഠന റിപ്പോര്‍ട്ടിലാണ് ഈ ഗൗരവതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഗ്രാമ പ്രദേശങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ പതിവാണെന്നും റിപോര്‍ട്ടിലുണ്ട്.

അഹമ്മദാബാദ്, വഡോദര, സൂറത്ത് തുടങ്ങിയ വലിയ നഗരങ്ങളില്‍ 1946, 1969, 1981-82, 1985, 1990, 1992, 2002, 2006 വര്‍ഷങ്ങളില്‍ വന്‍ സാമുദായി സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗ്രാമീണ മേഖലകളായ ചത്രല്‍, വഡാവ്‌ലി, ഖമ്പത്ത്, ഹിമ്മത്‌നഗര്‍, ഇദാര്‍, ഖേഡ, ഹല്‍വാഡ് എന്നിവിടങ്ങളില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായി മാറിയെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

സാമുദായിക കലാപങ്ങളുടെ ഔദ്യോഗിക കണക്കുകള്‍ സംസ്ഥാനം പുറത്തുവിടാറില്ലെന്നും മാത്രമല്ല, ആള്‍ക്കൂട്ട ആക്രമണ സംഭവങ്ങളുടെ എണ്ണം കുറച്ച് കാണിക്കുകയാണെന്നും സംഘം പറയുന്നു. 2002ലെ മൃഗീയമായ നരഹത്യയ്ക്കു ശേഷം സാമുദായിക കലാപങ്ങളില്ലാത്ത സമാധാനപരമായ സംസ്ഥാനമാണ് ഗുജറാത്ത് എന്നാണ് ബിജെപി വ്യാപകമായി പ്രചരിപ്പിച്ച് വരുന്നത്. സാമുദായിക ഐക്യത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും മിഥ്യാധാരണ സൃഷ്ടിക്കുന്നതിന് ഈ അസത്യം നിരന്തരം ആവര്‍ത്തിക്കുയാണെന്നും സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ നിരീക്ഷിക്കുന്ന സിവില്‍ സൊസൈറ്റി സംഘടനയായ ബുനിയാദ് പറയുന്നു.

2014, 2015, 2016, 2017 വര്‍ഷങ്ങളില്‍ യഥാക്രമം 74, 55, 53, 50 സാമുദായിക സംഘര്‍ഷങ്ങള്‍ സംസ്ഥാനത്തുണ്ടായതായി 2018 ഡിസംബറില്‍ ലോക്‌സഭയില്‍ ആഭ്യന്തരമന്ത്രി ഹന്‍സ്രാജ് അഹിര്‍ പറഞ്ഞതായി പഠനം ചൂണ്ടിക്കാട്ടുന്നു. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ഗീയ കലാപങ്ങളുടെ എണ്ണം കുറവാണെങ്കിലും, വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ ഉജ്ജൈനി പറയുന്നു.

Tags:    

Similar News