ചികില്‍സ കിട്ടാതെ പെണ്‍കുട്ടി മരിച്ച സംഭവം: പിതാവും മന്ത്രവാദ ചികില്‍സ നടത്തിയ ആളും അറസ്റ്റില്‍

Update: 2021-11-03 08:43 GMT

കണ്ണൂര്‍: മന്ത്രവാദത്തിന്റെ പേരില്‍ ചികില്‍സ കിട്ടാതെ പെണ്‍കുട്ടി മരിച്ചെന്ന് ആരോപിക്കപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും ചികില്‍സ നടത്തിയ ആളെയും കണ്ണൂര്‍ സിറ്റി പോലിസ് അറസ്റ്റ് ചെയ്തു. പനി ബാധിച്ച് മരണപ്പെട്ട നാലുവയല്‍ സ്വദേശിനി ഫാത്തിമ (11) യുടെ പിതാവ് അബ്ദുല്‍ സത്താര്‍, മന്ത്രവാദ ചികില്‍സ നടത്തിയ കുഞ്ഞിപ്പള്ളി സ്വദേശിയായ വി ഉവൈസ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിക്ക് ചികില്‍സ നല്‍കാതെ മന്ത്രവാദ ചികില്‍സയിലൂടെ സുഖപ്പെടുത്താന്‍ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ പിതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഉവൈസിനെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തതായി കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. മരണപ്പെട്ട ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോവാനോ ഏന്തെങ്കിലും ഡോക്ടറെ കാണിക്കാനോ മരുന്നുകള്‍ നല്‍കാനോ കുട്ടിയുടെ കുടുംബം തയ്യാറായില്ല. വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെ മന്ത്രവാദ ചികില്‍സയെത്തുടര്‍ന്ന് മുമ്പ് സംഭവിച്ചതെന്ന് കരുതുന്ന അഞ്ച് മരണങ്ങളെക്കുറിച്ചും പോലിസ് അന്വേഷണം നടത്തുന്നുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിലെ തന്നെ സിറ്റി ആസാദ് റോഡിലെ 70കാരി, അവരുടെ മകന്‍, സഹോദരി എന്നിവരുടെ മരണകാരണത്തെക്കുറിച്ചും കണ്ണൂര്‍ സിറ്റിയിലെ തന്നെ രണ്ടുപേരുടെയും മരണത്തെ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്.

അന്ധവിശ്വാസത്തിന്റെ പേരില്‍ വൈദ്യചികില്‍സ നിഷേധിച്ചെന്ന കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. 2014, 2016, 2018 വര്‍ഷങ്ങളിലാണ് ഒരേ കുടുംബത്തിലെ മൂന്നുപേര്‍ മരണപ്പെട്ടത്. മരിച്ച 70കാരിയുടെ മകനില്‍നിന്നും പോലിസ് മൊഴിയെടുത്തിട്ടുണ്ട്. കുറുവ സ്വദേശിയുടെ മരണത്തെക്കുറിച്ചും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ഫാത്തിമയുടെ മരണത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു. സംഭവത്തില്‍ ജില്ല കലക്ടര്‍, പോലിസ് കമ്മീഷണര്‍ എന്നിവരോട് റിപോര്‍ട്ട് ആവശ്യപെടുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.




Tags: