കര്‍ണാടകയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു; ശ്രീരാം സേന പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Update: 2022-08-10 16:27 GMT

മംഗളൂരു: മുഹറം ഘോഷയാത്രയ്ക്കിടെ കര്‍ണാടക ഗദഗ് ജില്ലയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. സംഭവത്തില്‍ ശ്രീരാം സേന പ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍.

ഗദഗിനടുത്തുള്ള മല്ലസമുദ്രയിലെ തൗസീഖ് (23), മുശ്ത്വാഖ് (24) എന്നിവര്‍ക്കാണ് കുത്തേറ്റത്. യുവാക്കള്‍ക്ക് വയറിനും നെഞ്ചിനും കാലിനും പരിക്കേറ്റു. തൗഫീഖിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. രണ്ടുപേരും ഗദഗിലെ ജിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗദഗിലെ മലസമുദ്ര ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് ശ്രീരാം സേന പ്രവര്‍ത്തകന്‍ സോമേഷ് ഗുഡി, യല്ലപ്പ ഗുഡി, സല്‍മാന്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഗദഗ് പോലിസ് സൂപ്രണ്ട് ശിവപ്രകാശ് ദേവരാജു പറഞ്ഞു.

സംഭവം വര്‍ഗീയ ആക്രമണമല്ലെന്നും മുന്‍ വൈരാഗ്യം മൂലമാണെന്നുമാണ് പോലിസ് പറയുന്നത്. പ്രതികളിലൊരാള്‍ ഹിന്ദുത്വ സംഘടനയിലെ അംഗമാണെന്ന് ഗദഗ് റൂറല്‍ പോലിസ് സ്‌റ്റേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യയും റിപോര്‍ട് ചെയ്തു.

സംഭവം പുറത്തറിഞ്ഞതോടെ സോമേഷും യെല്ലപ്പയും ഒളിവില്‍ താമസിച്ച വീടിന് നേരെ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയതായി ടിവി9 കന്നഡ റിപോര്‍ട് ചെയ്തു. ജനക്കൂട്ടം വീടിന്റെ വാതിലുകളും ജനലുകളും അടിച്ചുതകര്‍ക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പോലിസ് സ്ഥലത്തെത്തി സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാക്കി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിവിധ മേഖലകളില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News