മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗം അഡ്വ. കെ ഇ ഗംഗാധരന്‍ അന്തരിച്ചു

Update: 2019-11-10 05:18 GMT

തലശ്ശേരി: മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ ഇ ഗംഗാധരന്‍(74) അന്തരിച്ചു. ധര്‍മ്മടത്തെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. സംസ്‌കാരം ഉച്ചക്ക് രണ്ടിന് ശേഷം എരുവട്ടി പന്തക്കപ്പാറയിലെ പിണറായി പഞ്ചായത്ത് ശ്മശാനത്തില്‍ നടക്കും. മൃതദേഹം ഉച്ചയ്ക്ക് ഒരു മണിവരെ വീട്ടിലും രണ്ടുവരെ തലശ്ശേരി പഴയ സ്റ്റാന്റിലും പൊതുദര്‍ശനത്തിനു വയ്ക്കും. തലശ്ശേരി ജില്ലാകോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഗംഗാധരന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.

    കോടതി മാര്‍ച്ച് ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ക്ക് നേതത്വം നല്‍കിയ കെ ഇ ഗംഗാധരന്‍ അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നിരുന്നു. പ്രമാദമായ നിരവധി കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യുട്ടറായിരുന്ന ഇദ്ദേഹം സിപിഎം തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റിയംഗം, ലോയേഴ്‌സ് യൂനിയന്‍ ജില്ലാ ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പരേതരായ അനന്തന്‍ മാസ്റ്റര്‍-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: സുധ അഴീക്കോടന്‍(സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവംഗം, റിട്ട. ലൈബ്രേറിയന്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി). മക്കള്‍: രാഗിത്ത്, നിലോഷ. മരുമകന്‍: വിശ്വജിത്ത്(കുവൈത്ത്). സഹോദരങ്ങള്‍: മോഹനന്‍, ജനാര്‍ദ്ദനന്‍(പിണറായി വീവേഴ്‌സ് സൊസൈറ്റി, റിട്ട. സെക്രട്ടറി), വിമല(റിട്ട. അധ്യാപിക), പരേതനായ വിജയന്‍. കൊല്ലപ്പെട്ട അഴീക്കോടന്‍ രാഘവന്‍-മീനാക്ഷി ടീച്ചറുടെയും മകളുടെ ഭര്‍ത്താവാണ്.

    സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം എ എന്‍ ഷംസീര്‍ എംഎല്‍എ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി ശശി, കര്‍ഷകത്തൊളിലാളി യൂനിയന്‍ സംസ്ഥാന സെക്രട്ടറി എന്‍ ആര്‍ ബാലന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. കെ ഇ ഗംഗാധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ അനുശോചിച്ചു.




Tags:    

Similar News