കെ ഇ ഗംഗാധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

അർപ്പണ ബോധത്തോടെയും സേവന സന്നദ്ധതയോടെയും സമൂഹത്തിൽ സദാ ഇടപെട്ട മനുഷ്യ സ്നേഹിയെ ആണ് അഡ്വ.കെ ഇ ഗംഗാധരന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.

Update: 2019-11-10 06:13 GMT

തിരുവനന്തപുരം: അർപ്പണ ബോധത്തോടെയും സേവന സന്നദ്ധതയോടെയും സമൂഹത്തിൽ സദാ ഇടപെട്ട മനുഷ്യ സ്നേഹിയെ ആണ് അഡ്വ.കെ ഇ ഗംഗാധരന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിദ്യാർത്ഥി ജീവിതകാലം മുതൽ ഒന്നിച്ചുണ്ടായിരുന്ന കെ ഇ ഗംഗാധരനെ എക്കാലത്തും ഓർമ്മിക്കാനുള്ള ഒട്ടേറെ അനുഭവങ്ങൾ ഉണ്ട്. സമര രംഗത്തും സംഘാടനത്തിലും ജയിൽ വാസത്തിലും മനഃസ്ഥൈര്യത്തോടെ നിലകൊണ്ട ഗംഗാധരനെ എന്നും നയിച്ചത് പാവങ്ങളിൽ പാവങ്ങളായവരുടെ കൈപിടിക്കുന്ന മനസ്സാണ്. മറ്റെല്ലാം മറന്നു കൊണ്ടുള്ള ആ സന്നദ്ധതയും ആവേശവും പലപ്പോഴും അടുത്തറിഞ്ഞിട്ടുണ്ട്.

അഭിഭാഷകൻ എന്ന നിലയിൽ പാവപ്പെട്ടവർക്ക് നീതി കിട്ടാനായി അവിരാമം പ്രവർത്തിച്ച അദ്ദേഹം മനുഷ്യാവകാശ കമ്മീഷൻ അംഗത്വ കാലയളവിലും നീതി നിഷേധങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ഇടപെട്ടു. പുരോഗമന പ്രസ്ഥാനത്തോടൊപ്പമായിരുന്നു അദ്ദേഹത്തിൻറെ മനസ്സും പ്രവൃത്തിയും. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News