പ്രളയ സെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍; 928 ഉല്‍പന്നങ്ങള്‍ക്ക് വില ഉയരും

12 ശതമാനം, 18 ശതമാനം, 28 ശതമാനം ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പന്നങ്ങള്‍ക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങള്‍, പാല്‍ ഉല്‍പന്നങ്ങള്‍, മല്‍സ്യം, ബ്രെഡ് തുടങ്ങി 0 മുതല്‍ 5 ശതമാനം ജിഎസ്ടി നിരക്ക് ബാധകമായവയ്ക്ക് സെസ് ഏര്‍പ്പെടുത്തില്ല.

Update: 2019-08-01 01:11 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയസെസ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. 12 ശതമാനം, 18 ശതമാനം, 28 ശതമാനം ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പന്നങ്ങള്‍ക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങള്‍, പാല്‍ ഉല്‍പന്നങ്ങള്‍, മല്‍സ്യം, ബ്രെഡ് തുടങ്ങി 0 മുതല്‍ 5 ശതമാനം ജിഎസ്ടി നിരക്ക് ബാധകമായവയ്ക്ക് സെസ് ഏര്‍പ്പെടുത്തില്ല. ജിഎസ്ടിക്കു പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പന എന്നിവയ്ക്കും സെസ് നല്‍കേണ്ട. എന്നാല്‍, പാകം ചെയ്ത ഭക്ഷ്യ വസ്തുക്കള്‍, ഡ്രൈ ഫ്രൂട്‌സ്, എണ്ണ, പാല്‍, ചോക്ലേറ്റ്, നിര്‍മാണ സാമഗ്രികള്‍, ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ എല്ലാ വസ്തുക്കള്‍ക്കും സെസ് നല്‍കേണ്ടിവരും.

കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, സിമന്റ്, പെയിന്റ് തുടങ്ങിയവയ്‌ക്കെല്ലാം സെസ് വരുന്നതോടെ വിലയേറും. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമാണു സെസ്. ഇന്ന് മുതല്‍ രണ്ടുവര്‍ഷത്തേക്കാണു സെസ് പ്രാബല്യത്തിലുണ്ടാവുക. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഭവസമാഹരണത്തിന് രണ്ടുവര്‍ഷം കൊണ്ട് 1,000 കോടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണമേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനാവും പ്രളയസെസ്സിലൂടെ പിരിച്ചകിട്ടുന്ന തുക ഭൂരിഭാഗവും വിനിയോഗിക്കുകയെന്നാണ് ധനവകുപ്പ് പറയുന്നത്. അതേസമയം, സംസ്ഥാനത്ത് പ്രളയസെസ് ഏര്‍പ്പെടുത്താനുള്ള നീക്കം പ്രതിപക്ഷം ശക്തമായി എതിര്‍ത്തെങ്കിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു. പ്രളയസെസ് ഏര്‍പ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

പ്രളയദുരിതത്തില്‍നിന്ന് ജനം കരകയറിത്തുടങ്ങുന്നതിന് മുമ്പുതന്നെ അധികഭാരം അടിച്ചേല്‍പിക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ബജറ്റിലാണ് പ്രളസ സെസ് ധനമന്ത്രി പ്രഖ്യാപിച്ചത്. അതിനിടെ, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറി വഴി വിതരണം ചെയ്യാനുള്ള തീരുമാനവും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. അഞ്ചരലക്ഷം സര്‍ക്കാര്‍ ജീവനക്കാരില്‍ ഒന്നരലക്ഷം പേരാണ് ട്രഷറിയില്‍ ശമ്പളം നിലനിര്‍ത്താന്‍ താല്‍പര്യം അറിയിച്ചത്. 48 വകുപ്പുകളില്‍ ഇന്ന് മുതലും ബാക്കി സപ്തംബര്‍ 1 മുതലും നടപ്പാക്കും. ശമ്പളം ബാങ്കില്‍നിന്നു കൈപ്പറ്റാന്‍ തീരുമാനിച്ചവര്‍ക്ക് ആദ്യം ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ച ശേഷം അപ്പോള്‍ത്തന്നെ ബാങ്കിലേക്കു മാറ്റിനല്‍കും. 

Tags:    

Similar News