ഒരു വര്‍ഷത്തിനിടെ പെട്രോളിന് 78 തവണയും ഡീസലിന് 76 തവണയും വില വര്‍ധിച്ചു

ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ചദ്ദയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി രാമേശ്വര്‍ തെലി രാജ്യസഭയില്‍ നല്‍കിയ എഴുതി തയ്യാറാക്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Update: 2022-07-25 18:14 GMT

ന്യൂഡല്‍ഹി: 2021-2022 വര്‍ഷത്തില്‍ രാജ്യത്ത് 78 തവണ പെട്രോളിനും 76 തവണ ഡീസലിനും വില വര്‍ധിച്ചെന്ന് കേന്ദ്രം പാര്‍ലമെന്റില്‍. ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ചദ്ദയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി രാമേശ്വര്‍ തെലി രാജ്യസഭയില്‍ നല്‍കിയ എഴുതി തയ്യാറാക്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് അംഗീകരിച്ച് കേന്ദ്രം നടത്തിയ യഥാര്‍ഥ കുറ്റസമ്മതമാണിതെന്ന് രാഘവ് ചദ്ദ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞയാഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ വിലക്കയറ്റത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്.

രാജ്യസഭയില്‍ തന്റെ ചോദ്യത്തിന് മറുപടിയായി, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ യഥാക്രമം പെട്രോള്‍, ഡീസല്‍ വിലകള്‍ യഥാക്രമം വര്‍ധിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാരിന്റെ വ്യക്തമായ കുറ്റസമ്മതമാണിത്,ചദ്ദ പിന്നീട് വ്യക്തമാക്കി.പെട്രോള്‍ വില വര്‍ധനവിനെതിരെ കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന് നില്‍ക്കുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍.

തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നിരുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇന്ധനവില കുറക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇന്ധന വിലയോടൊപ്പം പാചക വാതക വില വര്‍ധിച്ചതും സാധാരക്കാര്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്.ഒരു വര്‍ഷത്തിനിടെ പെട്രോളിന് 78 തവണയും ഡീസലിന് 76 തവണയും വില വര്‍ധിച്ചു

Tags: