കതിരൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി: ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. കുറ്റ്യേരിചാല്‍ സ്വദേശികളായ പാറേമ്മല്‍ വീട്ടില്‍ പ്രേമന്‍ (62), ഭാര്യ ഗീത (53), മകന്‍ പ്രവീഷ് (32) എന്നിവര്‍ക്കും കുറ്റ്യേരിചാലിലെ വിനായകന്‍ (30), ഭാര്യ രമ്യ (24) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

Update: 2019-04-16 06:51 GMT

തലശ്ശേരി: കതിരൂര്‍ കുറ്റ്യേരിചാലില്‍ വിഷുദിനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കു പരുക്കേറ്റു.പരുക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും തലശ്ശേരി സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. കുറ്റ്യേരിചാല്‍ സ്വദേശികളായ പാറേമ്മല്‍ വീട്ടില്‍ പ്രേമന്‍ (62), ഭാര്യ ഗീത (53), മകന്‍ പ്രവീഷ് (32) എന്നിവര്‍ക്കും കുറ്റ്യേരിചാലിലെ വിനായകന്‍ (30), ഭാര്യ രമ്യ (24) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

പ്രേമനും കുടുംബവും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും വിനായകനും ഭാര്യയും തലശ്ശേരി സഹകരണ ആശുപത്രിയിലും ചികില്‍സയിലാണ്. കുറ്റ്യേരിചാലിലെ വിനായകനും ഭാര്യയും ബൈക്കില്‍ വരുന്നതിനിടെ പ്രവീഷിന്റെ ബൈക്ക് മറികടക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് വിനായകന്‍ പ്രവീഷിനെ മര്‍ദ്ദിക്കുകയായിരുന്നു. വീട്ടിലേക്ക് കയറാന്‍ നോക്കുന്നതിനിടെയാണ് പ്രവീഷിന് മര്‍ദ്ദനമേറ്റത്.തുടര്‍ന്ന് സംഘടിച്ചെത്തിയ സംഘം പ്രവീഷിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന് പ്രവീഷിന്റെ അച്ഛന്‍ പ്രേമനെയും അമ്മ ഗീതയെയും മര്‍ദ്ദിക്കുകയായിരുന്നു.

എന്നാല്‍ തങ്ങളുടെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നെന്ന് ആശുപത്രിയില്‍ കഴിയുന്ന വിനായകനും ഭാര്യയും പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് കറ്റ്യേരിചാലില്‍ പുല്യോട് ഭഗവതി ക്ഷേത്ര കലശ ഘോഷയാത്രക്കിടെ സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും പ്രേമന്റെ വീടിന് നേരെ ബോംബെറിയുകയും ചെയ്തിരുന്നു. ഇതേ സംഘം തന്നെയാണ് തിങ്കളാഴ്ചയും അക്രമം നടത്തിയതെന്ന് പ്രേമന്‍ പറഞ്ഞു. അന്ന് ബോംബെറിഞ്ഞ സംഭവത്തിലും വീട് കയറി അക്രമിച്ച കേസിലും കതിരൂര്‍ പോലിസ് പ്രതികള്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

Tags:    

Similar News