സായുധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം; പാകിസ്താന് എഫ്എടിഎഫിന്റെ മുന്നറിയിപ്പ്

Update: 2020-02-21 19:17 GMT

ന്യൂഡല്‍ഹി: സായുധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തുടര്‍ന്നാല്‍ കടുത്ത നടപടിയുണ്ടാവുമെന്നും പാകിസ്താന് രാജ്യാന്തര സാമ്പത്തിക ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്്ഷന്‍ ടാക്‌സ് ഫോഴ്‌സി(എഫ്എടിഎഫ്)ന്റെ മുന്നറിയിപ്പ്. 38 രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയായ എഫ്എടിഎഫിന്റെ പാരീസില്‍ നടന്ന വാര്‍ഷികയോഗത്തിലാണ് തീരുമാനം.ലഷ്‌കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകള്‍ക്ക് ഇപ്പോഴും പാകിസ്താന്‍ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെന്നും എഫ്എടിഎഫ് വ്യക്തമാക്കി. ഇപ്പോള്‍ പാകിസ്താനെ 'ഗ്രേ ലിസ്റ്റി'ല്‍ നിന്ന് ഒഴിവാക്കേണ്ടെന്നും എന്നാല്‍ ഇനിയും സാമ്പത്തിക സഹായം നല്‍കുന്നത് തുടര്‍ന്നാല്‍ കരിമ്പട്ടികയില്‍പെടുത്തേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരുതവണ കരിമ്പട്ടികയില്‍ പെടുത്തിയാല്‍ പിന്നെ രാജ്യാന്തര സാമ്പത്തിക സഹായമോ വായ്പകളോ വാങ്ങാന്‍ പാകിസ്താന് നിരോധനം നേരിടേണ്ടി വരും. സാമ്പത്തിക ഏജന്‍സികളായ ലോകബാങ്കില്‍ നിന്നോ ഐഎംഎഫില്‍ നിന്നോ പോലും വായ്പ ലഭിക്കില്ല.

    വരുന്ന ജൂണ്‍ മാസത്തിനകം നിര്‍ദേശിച്ച തരത്തില്‍ സാമ്പത്തിക രംഗം ശുദ്ധമാക്കണമെന്നാണ് എഫ്എടിഎഫ് വ്യക്തമാക്കിയിട്ടുള്ളത്. ഇതിനുവേണ്ടി നേരത്തേ 27 ഇന കര്‍മപദ്ധതി എഫ്എടിഎഫ് പാകിസ്താന് നല്‍കിയിരുന്നു. ഇതില്‍ 14 എണ്ണം മാത്രമാണ് പാകിസ്താന്‍ ഭാഗികമായെങ്കിലും നടപ്പാക്കിയത്. ഇത് അംഗീകരിക്കാവില്ലെന്നും എഫ്എടിഎഫ് വ്യക്തമാക്കി. മലേസ്യ പാകിസ്താനെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും യൂറോപ്യന്‍ രാജ്യങ്ങള്‍ പൊതുവെ പാകിസ്താനെതിരായ നിലപാടാണ് സ്വീകരിച്ചത്. 2018 ജൂണിലാണ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ പെടുത്തി എഫ്എടിഎഫ് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് പുല്‍വാമ ആക്രമണത്തിനു ശേഷം, ഗ്രേ ലിസ്റ്റില്‍ നിന്ന് മാറ്റേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.




Tags:    

Similar News