പിന്നോട്ടില്ല; കര്‍ഷക പ്രക്ഷോഭം ഇനി പാര്‍ലമെന്റിന് മുന്നിലേക്ക്

ഈമാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. വര്‍ഷകാല സമ്മേളനം ഈ മാസം 19ന് തുടങ്ങാനാനിരിക്കെയാണ് പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതുവരെ പുറത്ത് പ്രതിഷേധം തുടരും.

Update: 2021-07-04 19:10 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം വീണ്ടും ശക്തമാക്കുന്നു. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന സമരം ഇനി പാര്‍ലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. ഈമാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. വര്‍ഷകാല സമ്മേളനം ഈ മാസം 19ന് തുടങ്ങാനാനിരിക്കെയാണ് പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതുവരെ പുറത്ത് പ്രതിഷേധം തുടരും.

സിംഘുവില്‍ ഇന്ന് കൂടിയ സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലായിരുന്നു നിര്‍ണായക തീരുമാനം. ദിവസേന അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍, 200 കര്‍ഷകര്‍ എന്ന നിലയാവും പ്രതിഷേധം. കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എല്ലാ ദിവസവും ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷ എംപിമാരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 40 കര്‍ഷക സംഘടനകളില്‍നിന്നും അഞ്ചുപേര്‍ വീതമാണ് ഓരോ ദിവസവും പാര്‍ലമെന്റിന് മുന്നില്‍ സമരത്തില്‍ അണിചേരുക. ജൂലൈ എട്ടിന് ഇന്ധന വിലവര്‍ധനക്കെതിരേ സമരത്തിനും സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.

ജൂലൈ 19 മുതല്‍ ആഗസ്ത് 13 വരെയാണ് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നടക്കുക. നേരത്തെ, കര്‍ഷകര്‍ പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ മാറ്റിവച്ചിരുന്നു. ആറ് മാസത്തിലേറെയായി തുടരുന്ന സമരത്തെ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റിന് മുന്നിലേക്ക് സമരമുഖം മാറ്റാനുള്ള നീക്കം. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ ഉറച്ച തീരുമാനം. പ്രക്ഷോഭത്തിന് മുന്നോടിയായി പാര്‍ലമെന്റിന് അകത്തും പുറത്തും കര്‍ഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കര്‍ഷക സംഘടനകള്‍ കത്ത് നല്‍കും.

ജൂലൈ 17ന് പ്രതിപക്ഷ എംപിമാരോട് ഈ വിഷയം സഭയ്ക്കുള്ളില്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടും. സെഷനില്‍ വാക്ക് ഔട്ട് നടത്തി കേന്ദ്രത്തിന് സഹായകരമായ നിലപാട് സ്വീകരിക്കരുതെന്ന് ഞങ്ങള്‍ അവരോട് പറയും. സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കുന്നതുവരെ പാര്‍ലമെന്റ് സെഷന്‍ നടത്താന്‍ അനുവദിക്കരുത്- കര്‍ഷക നേതാവ് ഗുര്‍നം സിങ് ചാരുണി പറഞ്ഞു. ജൂലൈയില്‍ സാധാരണ ഷെഡ്യൂള്‍ അനുസരിച്ച് വര്‍ഷകാല സമ്മേളനം ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ഈ മാസം ആദ്യം പറഞ്ഞിരുന്നു.

Tags: