ബിജെപിക്ക് വോട്ട് ചെയ്യരുത്; ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
ഹരിദ്വാര്‍ ജില്ലയിലെ ദഡ്കി ഗ്രാമത്തില്‍ നിന്നുള്ള 65കാരനായ ഈശ്വര്‍ ചന്ദ് ശര്‍മ്മയാണ് ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്തത്.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപിക്കെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഹരിദ്വാര്‍ ജില്ലയിലെ ദഡ്കി ഗ്രാമത്തില്‍ നിന്നുള്ള 65കാരനായ ഈശ്വര്‍ ചന്ദ് ശര്‍മ്മയാണ് ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്തത്. ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലിസ് പറഞ്ഞു.വിഷം കഴിച്ചാണ് ശര്‍മ്മ ആത്മഹത്യ ചെയ്തത്. അവശനിലയില്‍ കണ്ടെത്തിയ ശര്‍മ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഈ അഞ്ച് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ തകര്‍ത്തു. അവര്‍ക്ക് വോട്ട് ചെയ്യരുത്, ചെയ്താല്‍ അവര്‍ എല്ലാവരേയും കൊണ്ട് ചായ വില്‍പ്പന നടത്തിക്കും. ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ശര്‍മ്മയുടെ കൈപ്പടയിലുളള കുറിപ്പ് പോലിസ് പരിശോധിച്ച് വരികയാണ്. ബാങ്കില്‍ നിന്നും അഞ്ചു ലക്ഷം രൂപ വായ്പയെടുക്കാന്‍ തന്നെ സഹായിച്ച മധ്യസ്ഥന്‍ വഞ്ചിച്ചതായി ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.
വായ്പയ്ക്കുവേണ്ടി അപേക്ഷിക്കുമ്പോള്‍ ചെക്കില്‍ താന്‍ ഒപ്പിട്ട് നല്‍കിയതായും ഈ ചെക്ക് ഉപയോഗിച്ച് മധ്യസ്ഥനായി നിന്നയാള്‍ ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. വായ്പ തിരികെ അടച്ചതിന് ശേഷമാണ് മധ്യസ്ഥന്‍ പണത്തിന് വേണ്ടി ഭീഷണിപ്പെടുത്തിയതെന്ന് കുറിപ്പില്‍ പറയുന്നു. വിള വിറ്റ് കിട്ടിയ പണം ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നു. തന്റെ ഒപ്പുളള ചെക്ക് ഉപയോഗിച്ച് നാലു ലക്ഷം രൂപ വേണമെന്ന് മധ്യസ്ഥന്‍ ആവശ്യപ്പെട്ടു. മറ്റൊരു വഴി ഇല്ലാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
