കര്‍ഷക പ്രക്ഷോഭത്തില്‍ ഔദ്യോഗിക പ്രതികരണവുമായി അമേരിക്ക; പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ മുഖമുദ്ര

Update: 2021-02-04 08:40 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ ഔദ്യോഗിക പ്രതികരണവുമായി അമേരിക്ക. വിവാദ കാര്‍ഷകനിയമത്തിനെതിരേ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് വൈറ്റ്ഹൗസിന്റെ പ്രതികരണം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നും സമരസ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കപ്പെടണമെന്നും അമേരിക്ക വ്യക്തമാക്കി.

ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായാണ് യുഎസ് മാധ്യമവക്താവ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങളെ പിന്തുണച്ചുകൊണ്ടുതന്നെ കര്‍ഷകസമരത്തെ സര്‍ക്കാര്‍ നേരിടുന്ന രീതിയോട് അമേരിക്ക വിയോജിപ്പ് രേഖപ്പെടുത്തി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് ഇന്ത്യന്‍ സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും വൈരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു വേണ്ടതെന്നും അമേരിക്ക പറഞ്ഞു.

അതേസമയം ഇന്ത്യയ്ക്ക് വിപണി വിപുലീകരിക്കാന്‍ സഹായവും പ്രോത്സാഹനവും നല്‍കാന്‍ ശ്രമിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ നീക്കങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും അമേരിക്ക അറിയിച്ചു.

കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോട് അമേരിക്കന്‍ പോപ്പ് ഗായിക റിഹാന പ്രതികരിച്ചിരുന്നു. 'എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്' എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ലോകത്ത് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു.

Tags: