ഓരോ വില്‍പ്പനയിലും ബിജെപിയുടെയും ശിങ്കിടി മുതലാളിമാരുടെയും കൊള്ളയടിയാണ് വ്യക്തമാവുന്നത്: തോമസ് ഐസക്

. സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, പവാന്‍ ഹാന്‍സ് ഹെലികോപ്ടര്‍ ലിമിറ്റഡ് എന്നിവയുടെ വില്‍പ്പന കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

Update: 2022-09-08 14:41 GMT
രാജ്യത്തെ ഓരോ പൊതുമേഖല സ്ഥാപന വില്‍പ്പനയും ഓരോ കൊള്ളയായി മാറുകയാണെന്ന് സിപിഎം നേതാവും മുന്‍ ധന മന്ത്രിയുമായ തോമസ് ഐസക്. ന്യായീകരിക്കാന്‍ കഴിയാത്ത അഴിമതിക്കഥകളാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, പവാന്‍ ഹാന്‍സ് ഹെലികോപ്ടര്‍ ലിമിറ്റഡ് എന്നിവയുടെ വില്‍പ്പന കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.


ബിജെപിയുടെയും ശിങ്കിടി മുതലാളിമാരുടെയും കൊള്ളയടിയാണ് പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണമെന്ന് ഓരോ വില്‍പ്പന കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വില്‍പ്പന ഉറപ്പിച്ച രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ തല്‍ക്കാലം രക്ഷപ്പെട്ടിരിക്കുകയാണ്. സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (CEL), പവാന്‍ ഹാന്‍സ് ഹെലികോപ്ടര്‍ ലിമിറ്റഡ് (Pawan Hans Helicopter Limited) എന്നിവയുടെ വില്‍പ്പന കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാറും ഉറപ്പിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, നിതിന്‍ ഗഡ്ഗരി തുടങ്ങിയവര്‍ അടങ്ങിയ ക്യാബിനറ്റ് സബ് കമ്മിറ്റിയുടെ അംഗീകാരവുംകൂടി നല്‍കിയശേഷമാണ് ഈ പിന്മാറ്റം. ന്യായീകരിക്കാന്‍ കഴിയാത്ത അഴിമതിക്കഥകളാണ് പുറത്തുവന്നത്. ഓരോ പൊതുമേഖല സ്ഥാപന വില്‍പ്പനയും ഓരോ കൊള്ളയായി മാറുകയാണ്.

സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് വിശാലതലസ്ഥാന മേഖലയില്‍ വരുന്ന 50 ഏക്കര്‍ ഭൂമിക്ക് 500 കോടിയിലേറെ രൂപ വില വരും. CELന്റെ ഷെയറുകളുടെ മാര്‍ക്കറ്റ് വില 950 കോടി രൂപ വരും. 1592 കോടി രൂപയുടെ ഓര്‍ഡറുകള്‍ ഇപ്പോള്‍ കൈയ്യിലുണ്ട്. 2020-21 മൊത്തലാഭം 136 കോടി രൂപയാണ്. ഈ കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ വിലയിട്ടത് 190 കോടി രൂപ. വിറ്റത് 210 കോടി രൂപയ്ക്ക്.

പീപ്പിള്‍സ് കമ്മീഷന്‍ ഫോര്‍ പബ്ലിക് സെക്ടര്‍ ആന്‍ഡ് സര്‍വ്വീസസ് ആണ് ഈ കൊള്ള സംബന്ധിച്ച് ആദ്യം പ്രസ്താവന ഇറക്കുന്നത്. ജീവനക്കാരുടെ സംഘടന കേസും കൊടുത്തു. CEL വാങ്ങിച്ച നന്ദാല്‍ ഫിനാന്‍സ് ആന്‍ഡ് ലീഡിംഗ് കമ്പനി ഒരു ഫര്‍ണീച്ചര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. തന്ത്രപ്രധാനമായ ഈ ഗവേഷണ ഇലക്ട്രോണിക്‌സ് കമ്പനിയുടെ ഉടമസ്ഥനായുള്ള അവരുടെ യോഗ്യത ശ്രീ. നന്ദാല്‍ ബിജെപി അഭ്യുദയകാംക്ഷി ആണെന്നുള്ളതാണ്.

ടെണ്ടര്‍ നടപടികള്‍ തന്നെ സംശയാസ്പദമാണ്. രണ്ടുപേരെ ടെണ്ടറില്‍ പങ്കെടുത്തുള്ളൂ. ടെണ്ടറില്‍ വിജയിച്ച നന്ദാലിന്റെയും മറ്റേ കമ്പനിയുടെയും ഡയറക്ടര്‍മാര്‍ പൊതു കമ്പനിയില്‍ ഡയറക്ടര്‍മാരാണ്. എന്നുവെച്ചാല്‍ കൂട്ടുകച്ചവടമായിരുന്നു ടെണ്ടര്‍. പ്രഥമദൃഷ്ട്യാ തന്നെ അഴിമതിക്കേസെന്നു വ്യക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവച്ചു. ഇപ്പോള്‍ ഔപചാരികമായി വില്‍പ്പന ഉപേക്ഷിച്ചു. എന്നാണ് ഇനി പുതിയ ടെണ്ടര്‍ നടപടികള്‍ ഉണ്ടാവുകയെന്നതു വ്യക്തമല്ല.

രണ്ടാമത്തെ സ്വകാര്യവല്‍ക്കരണ ഇര നമുക്കു കൂടുതല്‍ പരിചിതമായ കമ്പനിയാണ്. പവാന്‍ ഹാന്‍സ് ഹെലികോപ്ടര്‍ ലിമിറ്റഡ് (Pawan Hans Helicopter Limited) എന്ന രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്ടര്‍ കമ്പനിയാണ്.

2021ല്‍ കമ്പനിയുടെ മൊത്തം ആസ്തി 1327 കോടി രൂപയാണ്. ഇതില്‍ ക്യാഷ് ബാലന്‍സ്, പെട്ടെന്ന് പണമാക്കി മാറ്റാന്‍ കഴിയുന്ന ആസ്തികള്‍ 505 കോടി രൂപ വരും. കമ്പനിക്കു 42 ഹെലികോപ്ടറുകള്‍ സ്വന്തമായി ഉണ്ട്. 119 പൈലറ്റുമാര്‍ അടക്കം 655 ജീവനക്കാരുണ്ട്. മുംബെയില്‍ സ്വന്തമായുള്ള 241 ഫ്‌ലാറ്റുകള്‍ക്ക് 414 കോടി രൂപയാണ് ഇന്നു വില. 45 ശതമാനം ഷെയര്‍ കേന്ദ്രസര്‍ക്കാരിനും ബാക്കി ഒഎന്‍ജിസിക്കുമാണ്. ഈയൊരു കമ്പനിയെയാണ് 212 കോടി രൂപയ്ക്ക് വില്‍ക്കാന്‍ അച്ചാരം വാങ്ങിയത്.

പൊതുമേഖലാ കമ്പനികളെ വളരെ താഴ്ന്നവിലയ്ക്ക് വില്‍ക്കുന്നത് ഇന്നൊരു പുതുമയുള്ള കാര്യമല്ല. പക്ഷെ വാങ്ങാന്‍ പോകുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം കൊഴുത്തത്. സ്റ്റാര്‍ 9 മൊബിലിറ്റി എന്നാണു കമ്പനിയുടെ പേര്. 2021 ഒക്ടോബര്‍ മാസത്തിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഒരുലക്ഷം രൂപയാണ് ഓഹരി മൂലധനം. മൂന്നു പേരാണ് ഓഹരി ഉടമസ്ഥര്‍.

ഒന്ന്) മൂന്നു ഹെലികോപ്ടറുകളുള്ള മഹാരാജാ ആക്ഷന്‍. ഇവരുടെ മൂലധനത്തേക്കാള്‍ ഏറെയാണ് സഞ്ചിത നഷ്ടം. രണ്ട്) ബിഗ് ചാര്‍ട്ടര്‍ എന്ന ഒരു ചെറുകിട വിമാനക്കമ്പനി. സ്ഥിരം റൂട്ടുകളൊന്നുമില്ല. മറ്റ് എയര്‍ലൈന്‍സുകളില്‍ നിന്നും വാടകയ്‌ക്കെടുത്ത് വിമാനം പറത്തുന്നു. മൂന്ന്) നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ ഒന്നായ കെമാന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആല്‍മാസ് ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റി ഫണ്ട്. ഇവരെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല. ചില പത്രപ്രവര്‍ത്തകര്‍ അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയത് സിംബാംവെയിലെ കുടാക്വാഷേ ടാഗ്വെര്‌യി എന്ന കോടീശ്വരനിലാണ്. അഴിമതിയുടെയും വെട്ടിപ്പിന്റെയും പേരില്‍ ഇയാളെ അമേരിക്കയും ബ്രിട്ടനും കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. മാത്രമല്ല, ടെണ്ടര്‍ നിബന്ധനകള്‍ ലംഘിച്ചാണ് ഇവരുടെ കണ്‍സോര്‍ഷ്യത്തിന് കരാര്‍ ഉറപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

2022 ഏപ്രില്‍ 20ന് ആല്‍മാസ് ഗ്ലോബലിനെതിരെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ ഒരു വിധി വന്നു. അവര്‍ ഏറ്റെടുത്ത മറ്റൊരു കമ്പനിയുടെ ക്രെഡിറ്റര്‍മാര്‍ക്ക് 568 കോടി രൂപ കൊടുക്കാനുള്ളത് കുടിശികയായി. കമ്പനി അധികൃതര്‍ക്ക് 15 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. ഇത്തരം വിചാരണയെ നേരിടുന്നവര്‍ക്ക് പൊതുമേഖലാ കമ്പനികള്‍ വില്‍ക്കാന്‍ പാടില്ലായെന്നു നിയമമുണ്ട്. അങ്ങനെ മനസില്ലാ മനസോടെ ഈ വില്‍പ്പനയും റദ്ദാക്കിയിരിക്കുകയാണ്.

ബിജെപിയുടെയും ശിങ്കിടി മുതലാളിമാരുടെയും കൊള്ളയടിയാണ് പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണമെന്ന് ഓരോ വില്‍പ്പന കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണ്.


Full View

Tags:    

Similar News