ഭരണഘടന സംരക്ഷിക്കാന്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും സന്നദ്ധരാകണം: പിണറായി വിജയന്‍

നിയമത്തിനെതിരായ പ്രതിഷേധം എങ്ങനെ സമാധാനപരമായി പ്രകടിപ്പിക്കാം എന്നതിന് ഉത്തമോദാഹരണമായി കേരളം നിലനില്‍ക്കുന്നുവെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Update: 2020-01-26 13:01 GMT

തിരുവനന്തപുരം: നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായി എല്‍ഡിഎഫ് സംഘടപ്പിച്ച മനുഷ്യ മഹാശൃംഖല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമത്തിനെതിരായ പ്രതിഷേധം എങ്ങനെ സമാധാനപരമായി പ്രകടിപ്പിക്കാം എന്നതിന് ഉത്തമോദാഹരണമായി കേരളം നിലനില്‍ക്കുന്നുവെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ തന്നെ കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേരളത്തിന് സാധിച്ചു. ഇത് കേരളത്തിന്റെ തനിമയുടെ ഭാഗമാണ്. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന ഒരു നാടിന് മാത്രമാണ് ഇത്തരമൊരു രീതി അംഗീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പ്രക്ഷോഭങ്ങളുടെ കൂട്ടത്തിലുള്ള ഏറ്റവും ഉയര്‍ന്നനിരയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളും പങ്കെടുത്തുകൊണ്ടുള്ള മനുഷ്യ മഹാശൃഖല ഇപ്പോള്‍ അതിനുമപ്പുറം കടന്ന് ഭൂരിഭാഗം ജില്ലകളിലും മനുഷ്യ മതിലായി മാറി. ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്തതാണെങ്കിലും പൗരത്വ ഭേദഗതി നിയമം പാസാക്കിയതില്‍ പ്രതിഷേധമുള്ള നമ്മുടെ രാജ്യത്തെ ഭരണഘടനയെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും എത്തിച്ചേരണമെന്ന് പറഞ്ഞിരുന്നു. അതാണ് ഇന്നിവിടെ കണ്ടത് അദ്ദേഹം പറഞ്ഞു.

രാജ്യം വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ത്തി. അതിന്റെയെല്ലാം മുന്നില്‍ കേരളമാകെ മനുഷ്യമതിലായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന കാഴ്ചയാണ് മനുഷ്യ മഹാശൃംഖലയില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നമുക്ക് വിശ്രമിക്കാനുള്ള സമയമായിട്ടില്ല. പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ ഭരണഘടനയെ അപകടപ്പെടുത്തുന്നതാണ്, നാടിന്റെ സൈ്വര്യതയെ അപകടപ്പെടുത്തുന്നതാണ്. മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ പറയുന്നതൊന്നും നടപ്പാക്കുന്ന നാടല്ല കേരളമെന്ന് നമ്മള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ആയാലും ദേശീയ പൗരത്വ രജിസ്റ്റര്‍ ആയാലും അതൊന്നും കേരളത്തിന്റെ മണ്ണില്‍ നടക്കില്ല എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. പക്ഷെ നമുക്ക് വിശ്രമിക്കാന്‍ പറ്റില്ല. നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലവരും സന്നദ്ധരാകണം മുഖ്യമന്ത്രി പറഞ്ഞു. 


Full View

Tags:    

Similar News