കണ്ടല്‍ക്കാട് സംരക്ഷണം: പുതുവൈപ്പിനില്‍ രാജ്യാന്തര കണ്ടല്‍ ഗവേഷണ കേന്ദ്രം വരുന്നു

കണ്ടല്‍ കാടുകളുടെ പഠനത്തിനും ഗവേഷണത്തിനുമായി നൂറ് കോടി രൂപ ചെലവിലാണ് കുഫോസിന്റെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മാഗ്രൂ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്ഥാപിക്കുന്നത്

Update: 2021-06-05 05:06 GMT

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) കണ്ടല്‍ കാടുകളുടെ പഠനത്തിനും ഗവേഷണത്തിനുമായി നൂറ് കോടി രൂപ ചെലവില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മാഗ്രൂ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്ഥാപിക്കുന്നു. കുഫോസിന്റെ പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനിലാണ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് പദവിയില്‍ കണ്ടല്‍ ഗവേഷണ പഠന കേന്ദ്രം വരുന്നത്.

രാജ്യത്ത് അപൂര്‍വമായ കണ്ടല്‍കന്യാവനങ്ങളുടെ തുരുത്താണ് 50 ഏക്കറിലായി പരന്നുകിടക്കുന്ന കുഫോസിന്റെ പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷന്‍. പലതരം കണ്ടല്‍ ചെടികളുടെയും അനവധി ഓരുജല മല്‍സ്യങ്ങളുടെയും ഞണ്ടുകളുടെയും ദേശാടനക്കിളികള്‍ അടക്കം നിരവധി ജലപക്ഷികളുടെയും സ്വഭാവികമായ ആവാസവ്യവസ്ഥയും പ്രജനനകേന്ദ്രവുമാണ് ഇവിടം.

ഈ ആവാസ വ്യവസ്ഥയുടെ പാരിസ്ഥിക പ്രാധാന്യം കണിക്കിലെടുത്ത് കുഫോസിന്റെ പുതുവെപ്പ് ഫിഷറീസ് സ്റ്റേഷനെ കണ്ടല്‍ ഗവേഷണത്തിനും പഠനത്തിനുമുള്ള ആഗോള കേന്ദ്രമാക്കി മാറ്റണമെന്ന് 2019 മെയ് 19 ന് കൊച്ചിയില്‍ ചേര്‍ന്ന പരിസ്ഥിതി -ഫിഷറീസ് ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും ദേശീയ സമ്മേളനം ശുപാര്‍ശ ചെയ്തിരുന്നു. നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ച കുഫോസ് ഭരണസമിതി സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്ക് സമര്‍പ്പിക്കാനായി അന്താരാഷ്ട്ര മാഗ്രൂ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെന്ററിന്റെ മാസ്റ്റര്‍പ്‌ളാന്‍ തയ്യാറാക്കാന്‍ അന്ന് കുഫോസ് വൈസ് ചാന്‍സലറായിരുന്ന ഡോ.എ രാമചന്ദ്രനെ ചുമതലപ്പെടുത്തുകയിരുന്നു. മാസ്റ്റര്‍ പ്‌ളാനിന്റെ ഫൈനല്‍ ഡ്രാഫ്റ്റ് തയ്യാറായെന്നും കുഫോസ് പ്രോ ചാന്‍സലറും സംസ്ഥാന ഫിഷറീസ് മന്ത്രിയുമായ സജി ചെറിയാന്റെ പരിഗണനക്കായി ഉടനേ സമര്‍പ്പിക്കുമെന്നും കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. കെ റിജി ജോണ്‍ പറഞ്ഞു.

കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവാസ്ഥ നിലനിറുത്തുന്നതിലും തീരദേശ സംരക്ഷണത്തിലും കണ്ടല്‍ക്കാടുകള്‍ക്ക് നിര്‍ണ്ണായകമായ പ്രാധാന്യമാണ് ഉള്ളതെന്ന് ഡോ.കെ റിജി ജോണ്‍ പറഞ്ഞു. പ്രത്യേകിച്ച് കൊച്ചി പോലുള്ള നഗരങ്ങളുടെ അന്തരീക്ഷ താപനിലയും ഓക്‌സിജന്‍ ലഭ്യതയും നിലനിര്‍ത്തുന്നതില്‍ കണ്ടല്‍ക്കാടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. യഥാര്‍ഥത്തില്‍ നഗരങ്ങളുടെ ശ്വാസകോശങ്ങളാണ് കണ്ടല്‍ക്കാടുകള്‍. കേരളതീരത്ത് സുലഭമായി കണ്ടിരുന്ന ലവണ ജല മല്‍സ്യങ്ങളായ കണബ്, പൂമീന്‍, തിരുത, കളാഞ്ചി തുടങ്ങിയവയുടെ നിലനില്‍പ്പിനും കണ്ടല്‍ക്കാടുകളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.

ഇത്തരം ലവണമല്‍സ്യങ്ങള്‍ കടലിലാണ് പ്രജനനം നടത്തുന്നത് എങ്കിലും ലാര്‍വ പരുവത്തിലുള്ള കുഞ്ഞുങ്ങളുടെ വളര്‍ച്ച പൂര്‍ത്തിയാകുന്നതുവരെ കഴിയുന്നത് കണ്ടല്‍തീരങ്ങളിലാണ്. കടല്‍ക്ഷോഭം മൂലമുള്ള പരിസ്ഥിതി ആഘാതങ്ങളുടെ രൂക്ഷത കുറയ്ക്കാന്‍ കടല്‍തീരത്തിലുള്ള കണ്ടല്‍ക്കാടുകള്‍ക്ക് കഴിയും. കടല്‍ക്ഷോഭത്തിലൂടെ മണലെടുത്ത് പോയി ബീച്ചുകള്‍ ഇല്ലാതാകുന്നത് തടയാനും കടല്‍കാടുകള്‍ക്ക് കഴിയും. ഈ കാരണങ്ങളാല്‍ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കേണ്ടതും സാധ്യമായ സ്ഥലങ്ങളിള്‍ കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കേണ്ടതും കേരളത്തിന്റെ പരിസ്ഥിതി സംന്തുനാവസ്ഥ നിലനിറുത്താന്‍ ആവശ്യമാണെന്ന് ഡോ.റിജി ജോണ്‍ പറഞ്ഞു.

ആകെ 15 ഇനം കടല്‍ ചെടികളും അവയെ ആശ്രയിച്ച് നിലനില്‍ക്കുന്ന 75 ഇനം ചെടികളുമാണ് കേരളത്തില്‍ കാണുന്നത്. ഇതില്‍ 12 ഇനം കണ്ടലും 66 ഇനം ആശ്രയചെടികളും കുഫോസിന്റെ പുതുവെപ്പ് ഫിഷറീസ് സ്റ്റേഷനില്‍ ഉണ്ട്. ഇവ ഉള്‍പ്പടെ ലഭ്യമായ എല്ലാ കണ്ടലുകളുടെയും അവയുടെ അസോസിയേറ്റ്‌സിന്റെയും ജനതികശേഖരം (ജേംപ്‌ളാസം) കുഫോസ് സ്ഥാപിക്കുന്ന മാഗ്രൂ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെന്ററില്‍ സംരക്ഷിക്കും. ചെല്ലാനം പോലെ കടല്‍ക്ഷോഭം തടയാനായി കണ്ടല്‍കാടുകളുടെ ഹരിതവലയം കൊണ്ട് ബയോ ഷീല്‍ഡ് നടത്തേണ്ട തീരങ്ങളിലേക്ക് ആവശ്യമുള്ള ചെടികള്‍ ലഭ്യമാക്കാനായി അത്യാധുനിക സാങ്കേതിക വിദ്യകളിലൂന്നിയ നേഴ്‌സറിയും രാജ്യാന്തര കണ്ടല്‍ പഠന കേന്ദ്രത്തിലുണ്ടാകും. ടിഷ്യു കള്‍ച്ചറും നാനോ ടെക്‌നോളജിയും ഉപയോഗിച്ച് വലിയ തോതില്‍ കണ്ടല്‍ ചെടികളുടെ നടീല്‍ വസ്തുക്കള്‍ ഇവിടെ തയ്യാറാക്കും. കണ്ടല്‍ചെടികള്‍ ആവശ്യമുള്ള പൊതുജനങ്ങള്‍ക്കും ഈ നേഴ്‌സറിയില്‍ നിന്ന് നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കും.

കുഫോസിലെയും മറ്റ് സര്‍വ്വകലാശാലകളിലെയും രാജ്യാന്തര ഗവേഷണ കേന്ദ്രങ്ങളിലെയും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കണ്ടല്‍ വനങ്ങളുടെ പാരിസ്ഥിക പഠനത്തിനും കണ്ടല്‍ ചെടികളുടെ ഇനം തിരിച്ചുള്ള പഠനത്തിനും താമസിച്ച് പഠിക്കാനുള്ള ഹോസ്റ്റലുകളോട് കൂടിയ സൌകര്യം, അന്താരാഷ്ട്ര ലൈബ്രറി, ഡോക്യുമെന്റേഷന്‍ സെന്റര്‍, കണ്ടല്‍ വനങ്ങളുടെ പരിസ്ഥിതി പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നാച്ച്വര്‍ എഡ്യൂക്കേഷന്‍ സെന്റര്‍, കണ്ടല്‍ ആവാസവ്യസ്ഥയോട് താദാത്മ്യപ്പെട്ട് ജീവിക്കുന്ന കേരളത്തിന്റെ മല്‍സ്യങ്ങളായ തിരുത, കണബ്, കളാഞ്ചി, കരിമീന്‍, പൂമീന്‍ തുടങ്ങിയവയുടെ പ്രജനനവും ആവാസ രീതികളും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനും പൊതുജനങ്ങള്‍ കണ്ട് മനസ്സിലാക്കാനുള്ള സൗകര്യം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉള്ള പഠന യാത്രാസൗകര്യമുള്ള എണ്‍വയര്‍മെന്റല്‍ ടൂറിസം കേന്ദ്രം എന്നിവക്കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കും കുഫോസ് പുതുവൈപ്പിനില്‍ സ്ഥാപിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മാഗ്രൂ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്

. ഇതോടൊപ്പം ഓര്‍ഗാനിക് അക്വാകള്‍ച്ചറിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഉല്‍പാദന - പരിശീലന കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കും.കണ്ടല്‍ കന്യാവനങ്ങളുടെ സ്വഭാവികതയ്ക്കും പുതുവൈപ്പിനിലെ ജനങ്ങളുടെ ജീവതത്തിനും ജീവനോപാധികള്‍ക്കും യാതൊരു തരത്തിലുള്ള ആഘാതവും വരാത്ത തരത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് വൈസ് ചാന്‍സലര്‍ ഡോ.റിജി ജോണ്‍ പറഞ്ഞു.

Tags: