എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല വീണ്ടും കര്‍ദിനാളിന്; വത്തിക്കാന്‍ നടപടി തള്ളി വൈദികര്‍

ഇരുട്ടിന്റെ മറവില്‍ വത്തിക്കാന്റെ തീരുമാനം നടപ്പാക്കിയതിനും അതിന് പോലിസ് സഹായം തേടിയതും വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടാണോയെന്നും ഇതാണോ ആഗോള കത്തോലിക്ക സഭയുടെ രീതികള്‍ എന്ന് അറിയണമെന്നും അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ യോഗം ചേര്‍ന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എന്തിനാണ് സഹായമെത്രാന്മാരായ മാര്‍ സെബാസറ്റിയന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും അവരുടെ സ്ഥാനത്തു നിന്നും മാറ്റിയതെന്നും വൈദികര്‍ ചോദിച്ചു. അവര്‍ എന്തു തെറ്റാണ് ചെയ്തത്. ഭൂമിയിടപാടിന്റെ സത്യം വെളിച്ചത്തുകൊണ്ടുവരണമെന്നു പറഞ്ഞ അതിരൂപതയിലെ 400 ലേറെ വൈദികരോട് സഹകരിച്ചതാണോ മാപ്പര്‍ഹിക്കാത്ത കുറ്റമെന്നും വൈദികര്‍ ചോദിച്ചു

Update: 2019-06-28 10:53 GMT

കൊച്ചി: ഭുമി വില്‍പന വിവാദത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയില്‍ നിന്നും നീക്കിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും അതേ ചുമതലയില്‍ നിയോഗിച്ച വത്തിക്കാന്റെ നടപടി തള്ളിക്കൊണ്ട് അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ രംഗത്ത്.ഇരുട്ടിന്റെ മറവില്‍ വത്തിക്കാന്റെ തീരുമാനം നടപ്പാക്കിയതിനും അതിന് പോലിസ് സഹായം തേടിയതും വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടാണോയെന്നും ഇതാണോ ആഗോള കത്തോലിക്ക സഭയുടെ രീതികള്‍ എന്ന് അറിയണമെന്നും അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ യോഗം ചേര്‍ന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഒരു വര്‍ഷം മുമ്പാണ് വത്തിക്കാന്‍ ഇടപെട്ട് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ തലവനെ ഗൗരവമുള്ള കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ സ്വന്തം അതിരൂപതയുടെ ഭരണത്തില്‍ നിന്നും മാറ്റി മാര്‍പാപ്പയുടെ പ്രതിനിധിയായ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ ഭരണചുമതല ഏല്‍പ്പിച്ചത്. തന്റെ ദൗത്യനിര്‍വഹണം പൂര്‍ത്തിയാക്കിയ അപസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെ മാറ്റി വീണ്ടും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അവിടെ പ്രതിഷ്ഠിക്കുമ്പോള്‍ അദ്ദേഹം രാത്രിയിലെത്തി എറണാകുളും അരമനയില്‍ അധികാരം ഏറ്റെടുത്തത് അപഹാസ്യമാണെന്നും ഒരു വിഭാഗം വൈദികര്‍ കുറ്റപ്പെടുത്തുന്നു.

ജൂണ്‍ 26 ന് രാത്രി എട്ടിനാണ് കര്‍ദിനാള്‍ അരമനയില്‍ വീണ്ടും കയറി കുടിയിരുന്നത്. എന്തിനാണ് സഹായമെത്രാന്മാരായ മാര്‍ സെബാസറ്റിയന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും അവരുടെ സ്ഥാനത്തു നിന്നും മാറ്റിയതെന്നും വൈദികര്‍ ചോദിച്ചു. അവര്‍ എന്തു തെറ്റാണ് ചെയ്തത്. ഭൂമിയിടപാടിന്റെ സത്യം വെളിച്ചത്തുകൊണ്ടുവരണമെന്നു പറഞ്ഞ അതിരൂപതയിലെ 400 ലേറെ വൈദികരോട് സഹകരിച്ചതാണോ മാപ്പര്‍ഹിക്കാത്ത കുറ്റമെന്നും വൈദികര്‍ ചോദിച്ചു.അങ്ങനെയങ്കില്‍ സഹായമെത്രാന്മാരെ സസ്‌പെന്റുചെയ്ത അധികാരികള്‍ ഈ വൈദികരെയും സസ്‌പെന്റു ചെയ്യേണ്ടതല്ലേയെന്നും വൈദികര്‍ പ്രമേയത്തില്‍ ചോദിച്ചു.ഭൂമിയിടപാടില്‍ ഗൗരവമായ സാമ്പത്തിക ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ അതിന്മേല്‍ വത്തിക്കാന്‍ റിപോര്‍ട് ആവശ്യപ്പെട്ടത്.അത്തരം കാര്യങ്ങളില്‍ കര്‍ദിനാള്‍ അഗ്നിശുദ്ധി വരുത്തി അത് വിശ്വാസ സമൂഹത്തെ ബോധ്യപ്പെടുത്തിവേണം ആ സ്ഥാനത്ത് തിരികെയെത്താന്‍ .അടുത്ത സിനഡ് വരെയെങ്കിലും കാത്തിരുന്നു കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താമായിരുന്നില്ലെയെന്നും എന്നിട്ടു മതിയായിരുന്നല്ലോ സഹായമെത്രാന്മാര്‍ക്കെതിരെയുള്ള നടപടികളെന്നും ഇവര്‍ ചോദിക്കുന്നു.ഇത് പ്രതികാര നടപടിയായിട്ടു മാത്രമെ കാണാന്‍ കഴിയു.എന്തു കാരണത്താലാണ് അവര്‍ മാറ്റിനിര്‍ത്തപ്പെടുന്നതെന്ന് വൈദികരെയും വിശ്വാസികളെയും ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനും സ്ഥിരം സിനഡിനുമുണ്ട്.

പുതിയ സംഭവങ്ങളെ സാധൂകരിക്കുന്ന വത്തിക്കാന്‍ രേഖകളൊന്നും സീറോ മലബാര്‍ സഭ സിനഡ് ഇതുവരെ പുറത്തുവിടാത്തത് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുവെന്നും വൈദികര്‍ പറയുന്നു.ഭൂമിയിടപാടില്‍ വന്നുപോയ ഗൗരവമായ പിഴവുകളും അതില്‍ നടത്തിയ അഴിമതിയെയും കുറിച്ചുള്ള ഡോ.ജോസഫ് ഇഞ്ചോടി കമ്മീഷന്‍ റിപോര്‍ടും കെപിഎംജി റിപോര്‍ടും വിശ്വാസികളെ അറിയിക്കാനുള്ള ബാധ്യത ഓറിന്റല്‍ കോണ്‍ഗ്രിഗേഷനും സീറോ മലബാര്‍ സഭ സിനഡിനും ഉണ്ട്.അത് വ്യക്തമായി അറിഞ്ഞാലെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വം അംഗീകരിക്കാന്‍ വിശ്വാസികള്‍ക്കും വൈദികര്‍ക്കും സാധിക്കുകയുള്ളു. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പിച്ച ദൗത്യനിര്‍വഹണത്തിനിടയക്ക് ഒരിക്കല്‍ പോലും ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കിയില്ലയെന്നത് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കാന്‍ ഇടവരുത്തുന്നു.ഭുമിയിടപാടു കേസുകളില്‍ സാമ്പത്തിക തിരിമറികള്‍ക്ക് കോടതിയിലെ കേസുകളില്‍ പ്രതിപട്ടികയിലുള്ള ആര്‍ച്ച് ബിഷപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഇവിടുത്തെ വൈദികരായ തങ്ങള്‍ക്കോ വിശ്വാസികള്‍ക്കോ കഴിയുമെന്ന് സിനഡിലെ ബിഷപുമാരും വത്തിക്കാനും ചിന്തിക്കുന്നുണ്ടോയെന്നും വൈദികര്‍ ചോദിക്കുന്നു.സഭയിലും സിനഡിലുമുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിനെ പുതിയ നീക്കങ്ങള്‍ സഹായിക്കുകയുള്ളു.തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനും സീറോ മലബാര്‍ സഭ സിനഡും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാത്ത പക്ഷം അതിരൂപതയിലെ വൈദികര്‍ ആര്‍ച്ച് ബിഷപിനോടും അദ്ദേഹത്തിന്റെ കൂരിയയോടും നിസഹകരണ മനോഭാവത്തോടെയായിരിക്കും പ്രവര്‍ത്തിക്കുകയെന്നും വൈദികര്‍ വ്യക്തമാക്കി.

Tags:    

Similar News