പത്തനാപുരം കറവൂരില്‍ കാട്ടാന ചരിഞ്ഞ സംഭവം: കൊലപാതകമെന്ന് വനംവകുപ്പ്; മൂന്നു പേര്‍ പിടിയില്‍

സംഭവത്തില്‍ വേട്ടക്കാരായ മൂന്നു പേര്‍ വനംവകുപ്പിന്റെ പിടിയിലായി.കറവൂര്‍ സ്വദേശികളായ രഞ്ജിത്, അനിമോന്‍, ശരത് എന്നിവരാണ് പിടിയിലായത്.

Update: 2020-06-10 09:37 GMT

കൊല്ലം: പത്തനാപുരം കറവൂരില്‍ കാട്ടാന ചരിഞ്ഞ സംഭവം കൊലപാതകമെന്ന് വനംവകുപ്പ്. സംഭവത്തില്‍ വേട്ടക്കാരായ മൂന്നു പേര്‍ വനംവകുപ്പിന്റെ പിടിയിലായി.കറവൂര്‍ സ്വദേശികളായ രഞ്ജിത്, അനിമോന്‍, ശരത് എന്നിവരാണ് പിടിയിലായത്. കൈതച്ചക്കയില്‍ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് ആന ചെരിഞ്ഞതെന്നാണ് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് കാട്ടാനയുടെ വായില്‍ മുറിവുണ്ടാവുകയും തുടര്‍ന്നു ഇത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. ഏപ്രില്‍ 11നാണ് കറവൂരില്‍ അവശനിലയില്‍ കണ്ട കാട്ടാന ചരിഞ്ഞത്. വായില്‍ വലിയ വ്രണവുമായാണ് ആനയെ കണ്ടെത്തിയത്. ആനയെ പിന്തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. മരക്കഷണമോ മറ്റോ കൊണ്ടാകും കാട്ടാനയുടെ വായില്‍ വ്രണമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാല്‍, സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് മുറിവുണ്ടായതെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായതോടെ വനംവകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. മ്ലാവിനെ പിടികൂടാനാണ് സംഘം കൈതച്ചക്കയില്‍ പന്നിപ്പടക്കം ഒളിപ്പിച്ചത്. എന്നാല്‍ കാട്ടാന കൈതച്ചക്ക കഴിക്കുകയും പൊട്ടിത്തെറിച്ച് മുറിവുണ്ടാകുകയുമായിരുന്നു. പിന്നീട് വെള്ളം പോലും കുടിക്കാനാവാതെ ആന കറവൂരില്‍ തന്നെയുണ്ടായിരുന്നു. ഇതിനിടെയാണ് കാട്ടാന നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവശനിലയിലായിരുന്ന ആന വനത്തിലേക്ക് തിരികെ കയറിയെങ്കിലും ചരിയുകയായിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ ഒളിവിലാണെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. സ്ഥിരം മൃഗവേട്ട നടത്തുന്ന ഇവര്‍ക്കെതിരേ മ്ലാവ്, മലമ്പാമ്പ് തുടങ്ങിയവയെ വേട്ടയാടി കൊന്നതിനും കേസെടുക്കും. ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് ജില്ലയിലും സമാനരീതിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ ആന ചരിഞ്ഞിരുന്നു. ദേശീയമാധ്യമങ്ങളിലടക്കം ഈ സംഭവം വാര്‍ത്തയാവുകയും ഇത് ന്യൂനപക്ഷ വിഭാഗത്തിനെതിരേ വര്‍ഗീയ വിദ്വേഷം പരത്താന്‍ ഒരു വിഭാഗം ഉപയോഗിക്കുകയും ചെയ്തിരുന്നു. 

Tags:    

Similar News