സുരക്ഷാ ഭീഷണി: കശ്മീരിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ എത്തുന്നില്ല

വിദ്യാര്‍ഥി പ്രക്ഷോഭം ഭയന്ന് യൂനിവേഴ്‌സിറ്റികളും കോളജുകളും ഇതുവരെ തുറന്നിട്ടില്ല. ജമ്മു, ലഡാക്ക് ഡിവിഷനുകളില്‍ സ്‌കൂളുകളും കോളജുകളും സര്‍വ്വകലാശാലകളും സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കെലും കശ്മീരികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്.

Update: 2019-09-16 13:17 GMT

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് ശേഷം താഴ്‌വരയിലെ വിദ്യാഭ്യാസ മേഖല പൂര്‍ണമായും താറുമാറായി. മൊബൈല്‍ ഫോണ്‍ അടക്കം ആശയവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കിയതോടെ സുരക്ഷാ ഭീഷണി കാരണം വിദ്യാര്‍ഥികളെ സ്‌കൂളുകളിലേക്ക് അയക്കാന്‍ ഭയക്കുകയാണ് രക്ഷിതാക്കള്‍. ജമ്മുവിലേയും ലഡാക്കിലേയും ജീവിത സാഹചര്യങ്ങള്‍ സാധാരണ നിലയിലായെങ്കിലും 42 ദിവസമായിട്ടും താഴ്‌വരയില്‍ അനിശ്ചിതാവസ്ഥ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദ്യാര്‍ഥി പ്രക്ഷോഭം ഭയന്ന് യൂനിവേഴ്‌സിറ്റികളും കോളജുകളും ഇതുവരെ തുറന്നിട്ടില്ല. ജമ്മു, ലഡാക്ക് ഡിവിഷനുകളില്‍ സ്‌കൂളുകളും കോളജുകളും സര്‍വ്വകലാശാലകളും സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കെലും കശ്മീരികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്.

താഴ്‌വരയില്‍ പത്താം ക്ലാസ് വരെ സ്‌കൂളുകള്‍ തുറന്നിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ സാന്നിധ്യം ഇതുവരെ നിരാശാജനകമാണ്.

'എല്ലാ അധ്യാപകരും താഴ്‌വരയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തുന്നുണ്ടെങ്കിലും കുട്ടികളുടെ സാന്നിധ്യം മെച്ചപ്പെട്ടിട്ടില്ല'. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചതിനാല്‍ കുട്ടികളെ ട്രാക്ക് ചെയ്യാന്‍ കഴിയാത്തതിനാല്‍ മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കാന്‍ മടിക്കുന്നു.

'സാധാരണ ദിവസങ്ങളില്‍ സ്‌കൂള്‍ അധികൃതരേയോ, സ്വകാര്യ സ്‌കൂളുകളുടെ കാര്യത്തില്‍ ബസ് െ്രെഡവര്‍മാരെയോ വിളിച്ച് മൊബൈല്‍ ഫോണിലൂടെ ഞങ്ങളുടെ കുട്ടികളുടെ ഒരു ട്രാക്ക് സൂക്ഷിക്കും. 'നിലവിലെ അനിശ്ചിതാവസ്ഥയില്‍, പ്രത്യേകിച്ച് മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കുട്ടികളുടെ സുരക്ഷയില്‍ ആശങ്കയിലാണ് രക്ഷിതാക്കള്‍'. ശ്രീനഗറിലെ പഴയ നഗരത്തിലെ സ്‌കൂളില്‍ പോകുന്ന രണ്ട് കുട്ടികളുടെ പിതാവ് ജാവേദ് ഷാ പറഞ്ഞു.

തങ്ങളുടെ അക്കാദമിക് സിലബസിലെ എല്ലാ വിഷയങ്ങളും പൂര്‍ത്തിയായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിട്ടും പത്താം ക്ലാസ് പരീക്ഷാ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഇതുവരെ ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. പഠിക്കാത്ത വിഷയങ്ങള്‍ എങ്ങിനെ ഉത്തരം നല്‍കാന്‍ കഴിയും? 'പത്താം ക്ലാസ് വിദ്യാര്‍ത്ഥി ചോദിക്കുന്നു. സിലബസ് വെട്ടിക്കുറയ്ക്കണമെന്ന പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ആവശ്യവും ഇതുവരെ അധികാരികള്‍ അംഗീകരിച്ചിട്ടില്ല. കുറച്ച് ദിവസം വൈകിയാലും താഴ്‌വരയിലെ സ്‌കൂള്‍ പരീക്ഷകള്‍ നടക്കുമെന്നാണ് ഗവര്‍ണറുടെ വിദ്യാഭ്യാസ ഉപദേഷ്ടാവ് ഫാറൂഖ് അഹ്മദ് ഖാന്‍ പറയുന്നത്. താഴ്‌വരയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം കാരണം പരീക്ഷ ഒഴിവാക്കി വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലേക്ക് അയക്കുമെന്ന അഭ്യൂഹവും ഖാന്‍ തള്ളി.

Tags:    

Similar News