2005ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഷബീര്‍ഷായുടെ 19കാരി മകള്‍ക്ക് ഇഡിയുടെ സമന്‍സ്

കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ കേവലം അഞ്ചു വയസ്സ് മാത്രമുണ്ടായിരുന്ന, നിലവില്‍ ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ നിയമ വിദ്യാര്‍ഥിനിയായ സമാ ശബീറിനാണ് ഇഡി സമന്‍സ് അയച്ചത്.

Update: 2019-04-26 20:19 GMT

ശ്രീനഗര്‍: 2005ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് കശ്മീരി നേതാവ് ശബീര്‍ ഷായുടെ 19കാരിയായ മകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഇരട്ട സമന്‍സ്. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ കേവലം അഞ്ചു വയസ്സ് മാത്രമുണ്ടായിരുന്ന, നിലവില്‍ ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ നിയമ വിദ്യാര്‍ഥിനിയായ സമാ ശബീറിനാണ് ഇഡി സമന്‍സ് അയച്ചത്. രണ്ടു വ്യത്യസ്ഥ തിയ്യതികളില്‍ ഏജന്‍സിക്കു മുമ്പാകെ ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ശ്രീനഗറിലെ വസതിയിലേക്ക് സമന്‍സ് അയച്ചത്.

2015ലെ കള്ളപ്പണം വെളുപ്പിക്കല്‍, സായുധസംഘടനകള്‍ക്ക് പണം നല്‍കല്‍ എന്നിവ ആരോപിച്ച് 2017ലാണ് ഷായെ അറസ്റ്റ് ചെയ്തത്. 2005 ആഗസ്തിലെ കേസില്‍ 2.25 കോടി രൂപ ശെബീര്‍ ഷാക്ക് കൈമാറിയെന്ന് അവകാശപ്പെട്ട മുഹമ്മദ് അസ്ലം വാനിയെ അറസ്റ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇഡി 2007ല്‍ ഷാ ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, ബ്രിട്ടനില്‍ വിദ്യാര്‍ഥിയായ തന്റെ മകളെ അന്വേഷണ സമിതിക്ക് മുമ്പില്‍ നേരിട്ട് ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമയുടെ മാതാവും ഡോക്ടറുമായ ബില്‍ഖീശ് ഷാ അധികൃതരെ സമീപിച്ചിട്ടുണ്ട്.

അവള്‍ക്ക് അഞ്ചു വയസ്സ് മാത്രമുള്ളപ്പോള്‍ ഉണ്ടായ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ താന്‍ അല്‍ഭുതപ്പെട്ടിരിക്കുകയാണെന്നും മാനസികമായി പീഡിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ മാത്രമാണ് ഈ നോട്ടീസെന്നും ബില്‍ക്കീസ് പറഞ്ഞു.

Tags:    

Similar News