വന്‍ ഭൂരിപക്ഷവുമായി ഇബ്രാഹിം റഈസി ഇറാന്റെ പ്രസിഡന്റ് പദവിയിലേക്ക്

തിരഞ്ഞെടുപ്പില്‍ 2.86 കോടി ജനങ്ങള്‍ പങ്കാളികളായതായും 90 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 1.78 കോടി വോട്ടുകള്‍ ഇബ്രാഹിം റഈസി നേടിയതായും ഇറാന്‍ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ജമാല്‍ ഓര്‍ഫ് പറഞ്ഞു.

Update: 2021-06-19 07:27 GMT

തെഹ്‌റാന്‍: ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാഥമിക ഫലങ്ങള്‍ അനുസരിച്ച് വന്‍ ഭൂരിപക്ഷം നേടി സയ്യിദ് ഇബ്രാഹിം റഈസി ഇറാന്‍ പ്രസിഡന്റ് പദവിയിലേക്ക്. തിരഞ്ഞെടുപ്പില്‍ 2.86 കോടി ജനങ്ങള്‍ പങ്കാളികളായതായും 90 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 1.78 കോടി വോട്ടുകള്‍ ഇബ്രാഹിം റഈസി നേടിയതായും ഇറാന്‍ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ജമാല്‍ ഓര്‍ഫ് പറഞ്ഞു. നാസര്‍ ഹെമ്മാതി 24 ലക്ഷം വോട്ടുകളും അമീര്‍ ഹുസൈന്‍ ഗാസിസാദെ ഹാഷിമി പത്തുലക്ഷം വോട്ടുകളും നേടിയിട്ടുണ്ട്.

വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനാല്‍ താന്‍ കൃത്യമായ കണക്കുകള്‍ നല്‍കുന്നില്ലെന്നും പ്രാഥമിക വിവരങ്ങള്‍മ മാത്രമാണ് നല്‍കിയതെന്നും ഓര്‍ഫ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇറാനില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ പോളിങ് നടന്നത്. പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പില്‍ ആറു കോടിയോളം വോട്ടര്‍മാര്‍ പങ്കാളികളാവുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ 2.86 കോടി വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്.

ജുഡീഷ്യറി തലവനും യുഎസ് ഉപരോധം നേരിടുന്നയാളുമാണ് ഇബ്രാഹിം റഈസി. നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ സഖ്യത്തിലുള്ളവര്‍ക്ക് മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇറാന്‍ പരമോന്നത നേതാവ് ആയതുള്ള അലി ഹുസൈനി ഖാംനഈയുടെ നേതൃത്വത്തില്‍ 12 അംഗ ഭരണഘടന ഘടകമായ കൗണ്‍സിലിലെ 12 അംഗങ്ങളുടെ പിന്തുണ റെയ്‌സിക്കാണ്. റൂഹാനിയുമായി സഖ്യമുണ്ടാക്കിയവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് സ്ഥാനാര്‍ത്ഥികളെയാണ് കമ്മീഷന്‍ വിലക്കിയത്. അതിനാല്‍ തന്നെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു. ഇതും പോളിങ് കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം സമ്പൂര്‍ണ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News