ബാലഭാസ്‌കറിന്റെ ഡ്രൈവറും പൂന്തോട്ടം ആശുപത്രി ഉടമയുടെ മകനും ഒളിവില്‍; ഡ്രൈവര്‍ അസമിലെന്ന് സൂചന
അന്വേഷണത്തിന്റെ ഭാഗമായി അര്‍ജുനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഇയാള്‍ ഒളിവില്‍ പോയത്.ഇയാള്‍ ഇപ്പോള്‍ അസമിലാണ് ഉള്ളതെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ച വിവരം.
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരുഹത ബലപ്പെടുന്നതിനിടെ അപകടസമയത്ത് വാഹനമോടിച്ചു എന്ന കരുതപ്പെടുന്ന ഡ്രൈവര്‍ അര്‍ജുനനും പൂന്തോട്ടം ആശുപത്രി ഉടമ ഡോ.രവീന്ദ്രനാഥിന്റെ മകന്‍ ജിഷ്ണുവും ഒളിവില്‍ പോയതായി സൂചന.
അന്വേഷണത്തിന്റെ ഭാഗമായി അര്‍ജുനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഇയാള്‍ ഒളിവില്‍ പോയത്.ഇയാള്‍ ഇപ്പോള്‍ അസമിലാണ് ഉള്ളതെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ച വിവരം. ബാലബാസ്‌കറിന്റെ വാഹനമോടിച്ചിരുന്ന അര്‍ജ്ജുന്‍ അപകടത്തില്‍ പരിക്കേറ്റ് വീട്ടില്‍ ചികില്‍സയിലായിരുന്നുവെന്നാണ് നേരത്തെ ഉണ്ടായിരുന്ന വിവരം. അര്‍ജുന്‍ പാലക്കാട് ആണെന്നായിരുന്നു തൃശുരിലെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ പാലക്കാട് എത്തിയപ്പോള്‍ അര്‍ജുന്‍ അവിടെയുണ്ടായിരുന്നില്ല. എവിടെയാണെന്ന് കൃത്യമായി അറിയില്ലെന്നാണ് പാലക്കാടുള്ളവര്‍ മൊഴി നല്‍കിയത്.
പൂന്തോട്ടം ആയുര്‍വേദാശ്രമത്തിനെതിരെയും ഉടമകള്‍ക്കെതിരെയും ബാലബാസ്‌കറിന്റെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. പൂന്തോട്ടം ആശുപത്രി ഉടമയുടെ മകന്‍ ജിഷ്ണുവിന്റെ മൊഴിയെടുക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി ജിഷ്ണുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോള്‍ അദ്ദേഹം യാത്ര പോയതാണ് എന്നാണ് മറുപടി ലഭിച്ചത്. ജിഷ്ണു ഹിമാലയ യാത്രയ്ക്ക് പോയെന്നാണ് മാതാപിതാക്കള്‍ െ്രെകംബ്രാഞ്ചിനെ അറിയിച്ചത്. ഇവര്‍ ഒളിവില്‍ പോയി എന്ന് തീര്‍ത്ത് പറയാനാവില്ലെങ്കിലും രണ്ട് പേരും ഒരേ സമയം നാട്ടില്‍ നിന്ന് പോയത് ദുരൂഹതയുണ്ട്.
ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളും െ്രെകംബ്രാഞ്ച് അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദായനികുതി വകുപ്പിനോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
അപകടസമയത്ത് കാര്‍ ഓടിച്ചത് അര്‍ജ്ജുനന്‍ ആണെന്നാണ് കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി നല്‍കിയ മൊഴിലുള്ളത്.അതേസമയം പോലിസിനു നല്‍കിയ മൊഴിയില്‍ അര്‍ജുന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. കൊല്ലത്തിനടുത്ത് പള്ളിമുക്ക് എന്ന സ്ഥലത്തു നിര്‍ത്തി ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍ ലക്ഷ്മി ഇത് നിഷേധിക്കുന്നു.
അതേസമയം, അപകടമുണ്ടായ സമയത്ത് അര്‍ജുന്‍ വാഹനമോടിച്ചത് അമിത വേഗത്തിലായിരുന്നുവെന്നതിന് ഏറെ കുറെ തെളിവ് ലഭിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നും 231 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കഴക്കൂട്ടത്ത് എത്താനെടുത്തത് 2 മണിക്കൂറും 37 മിനിറ്റും മാത്രമാണ്. സ്പീഡ് ക്യാമറാ ദൃശ്യങ്ങളില്‍ നിന്നാണ് ഈ തെളിവ് ലഭിച്ചത്.

