ഇങ്ങനെ മര്‍ദിക്കുന്നതിലും ഭേദം വെടിവച്ചു കൊന്നൂടേ; കശ്മീര്‍ ജനത ചോദിക്കുന്നു

Update: 2019-08-30 10:45 GMT

ശ്രീനഗര്‍: കശ്മീര്‍ ജനത സൈന്യത്തിന്റെ ക്രൂര മര്‍ദനത്തിന് ഇരയാവുന്ന റിപോര്‍ട്ടുകള്‍ പുറത്ത് വിട്ട് ബിബിസി. വടികൊണ്ടും കേബിളുകളുപയോഗിച്ചും ക്രൂരമര്‍ദനത്തിനിരയാക്കുന്നതിന്റെയും യുവാക്കളെ ഷോക്കടിപ്പിക്കുന്നതിന്റെയും വിവരങ്ങളാണ് ഗ്രാമീണരെ ഉദ്ധരിച്ച് ബിബിസി പുറത്തു വിട്ടത്. പാതിരാത്രിയിലടക്കം വീട്ടിലതിക്രമിച്ചു കയറി യുവാക്കളെ അറസ്റ്റ് ചെയ്യുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ഡോക്ടര്‍മാര്‍ക്കോ പോലും പ്രതികരിക്കാനാവാത്ത അവസ്ഥയാണ് താഴ്‌വരയിലേത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തങ്ങളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നു ഉറപ്പു വാങ്ങിയാണ്, പട്ടാളത്തിന്റെയടക്കം ക്രൂരമര്‍ദനത്തിന് ഇരയായവര്‍ കാര്യങ്ങള്‍ വിവരിച്ചത്. 370ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനു തൊട്ടുപിന്നാലെയാണ് സ്ഥിതിഗതികള്‍ ഇത്രയധികം വഷളായത്. പരിശോധനയുടെ പേരില്‍ ഏതുസമയത്തും സൈന്യം വീടുകളില്‍ കയറിയിറങ്ങുകയാണ്. ഉറങ്ങിക്കിടക്കുന്നവരെ വരെ പിടിച്ചു കൊണ്ടുപോയി പരസ്യമായി മര്‍ദിക്കുന്നു. എന്തിനാണ് മര്‍ദിക്കുന്നതെന്ന ചോദ്യത്തിന് സൈന്യത്തിനു മറുപടിയൊന്നുമുണ്ടായിരുന്നില്ലെന്നു മര്‍ദനത്തിനിരയായ യുവാക്കളുടെ സഹോദരന്‍മാര്‍ വ്യക്തമാക്കി. വേദന സഹിക്കാനാവാതെ കരയുമ്പോള്‍ ചെളി വാരി വായില്‍ നിറക്കുകയായിരുന്നു. ഇത്തരത്തില്‍ തങ്ങളെ മര്‍ദിക്കുന്നതിലും ഭേദം ഒറ്റയടിക്കു വെടിവച്ചു കൊന്നൂടേ എന്നും യുവാക്കള്‍ ചോദിച്ചതായി ബിബിസി റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു പരാതിപോലും തങ്ങളുടെ പക്കല്‍ എത്തിയിട്ടില്ലെന്നായിരുന്നു സൈനിക വക്താവ് കേണല്‍ അമന്‍ ആനന്ദ് ബി ബി സിയോട് പ്രതികരിച്ചത്.


Tags: