വനിതാ ഡോക്ടറുടെ കൊലപാതകം: സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നതിന്റെ ഒടുവിലത്തെ ഉദാഹരണം-പി അബ്ദുല്‍ ഹമീദ്

Update: 2023-05-10 07:09 GMT
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ഡോ. വന്ദനാ ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ശ്രീനിലയം കുടവട്ടൂര്‍ സന്ദീപ് മയക്കുമരുന്നിന് അടിമയും നിരവധി ക്രിമിനല്‍ കേസ് പ്രതിയായിരുന്നിട്ടും മതിയായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താതിരുന്ന പോലിസിന്റെ അനാസ്ഥയാണ് അക്രമത്തിന് വഴിയൊരുക്കിയത്. വീട്ടില്‍ അക്രമം നടത്തുന്നതിനിടെ പിടിയിലായ സന്ദീപ് അക്രമാസക്തനാണെന്നറിഞ്ഞിട്ടും വേണ്ടത്ര മുന്‍കരുതലെടുക്കാന്‍ പോലിസ് തയ്യാറായില്ല. മനുഷ്യ ജീവനുകള്‍ രക്ഷിക്കാന്‍ രാപ്പകല്‍ അധ്വാനിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആശുപത്രിയില്‍ പോലും സുരക്ഷയില്ലാത്ത നാടായി കേരളം മാറിയിരിക്കുന്നു എന്നത് ഏറെ ഞെട്ടലുളവാക്കുന്നതാണ്. നിരവധി അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങളുടെ സുരക്ഷാ അകമ്പടിയില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ തലങ്ങും വിലങ്ങും പായുമ്പോഴാണ് ഒരു യുവ വനിതാ ഡോക്ടര്‍ അക്രമിയുടെ കുത്തേറ്റ് മരിക്കുന്നത്. കൊടുംക്രിമിനലായ ഒരു കുറ്റവാളിയെ വൈദ്യപരിശോധയ്ക്കു കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട മിനിമം സുരക്ഷാ സംവിധാനം പോലും ഏര്‍പ്പെടുത്തിയിരുന്നില്ല. ഈ അക്രമത്തിലേക്ക് നയിച്ച സാഹചര്യത്തിനുത്തരവാദിയായ പോലിസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
Tags:    

Similar News