ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ -കേരളത്തിന് ലഭിക്കാനുള്ളത് 3000 കോടി

രണ്ടു പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടി വന്ന കേരളത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അടയന്തിരമായി ജിഎസ്ടി കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നും സമ്പത്ത് അഭ്യര്‍ത്ഥിച്ചു.

Update: 2019-12-05 04:23 GMT

ന്യൂഡല്‍ഹി: ജിഎസ്ടി നിയമമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടന അനുസരിച്ച് നല്‍കേണ്ട നഷ്ട പരിഹാരം ഉടന്‍ നല്‍കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍. ധനകാര്യ മന്ത്രി നിര്‍മല സീതാരാമനെ നേരിട്ട് കണ്ടാണ് സംസ്ഥാന മന്ത്രിമാര്‍ ഇക്കാര്യ ആവശ്യപ്പെട്ടത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പഞ്ചാബ് ധനകാര്യ മന്ത്രി മന്‍പ്രീത് ബാദല്‍, മധ്യപ്രദേശ് വാണിജ്യ നികുതി മന്ത്രി ബ്രിജേന്ദ്ര സിങ് റാത്തോഡ്, പുതുച്ചേരി റവന്യൂ മന്ത്രി എംഒഎച്ച് ഫാറൂഖ് ഷാജഹാന്‍, രാജസ്ഥാന് മന്ത്രി സുഭാഷ് ഗാര്‍ഗ്, കേരള സര്‍ക്കാരിനു വേണ്ടി കേരളത്തിന്റെ പ്രത്യേക പ്രതിനിധി ഡോ.എ സമ്പത്ത് എന്നിവരാണ് നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തിയത്.

കേരളത്തിന് ആഗസ്ത് സെപ്തംബര്‍ മാസങ്ങളിലെ നഷ്ട പരിഹാരമായി 3000 കോടി രൂപയാണ് ലഭിക്കാനുള്ളതെന്ന് എ സമ്പത്ത് അറിയിച്ചു. കേരളത്തിന് ഇതു വഴി 28 ശതമാനത്തിന്റെ റവന്യൂ വിടവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) നിയമം 2017ലെ വകുപ്പ് 7(2) അനുസരിച്ച് ഓരോ രണ്ടു മാസം കൂടുമ്പോഴും സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. നഷ്ടപരിഹാരം സമയത്ത് നല്‍കാതിരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം സര്‍ക്കാരുകള്‍ തമ്മിലുള്ള ഒരു തര്‍ക്കമായി വ്യാഖ്യാനിക്കപ്പെടുമെന്ന് കേരളം നല്‍കിയ നിവേദനതത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പുതുച്ചേരിക്ക് 52 ശതമാനത്തോളം നഷ്ടമുണ്ടായിട്ടുണ്ടെന്ന് മന്ത്രി ഫറൂഖ് ഷാജഹാന് ചൂണ്ടിക്കാട്ടി. രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടു കനത്ത പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടി വന്ന കേരളത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉടന് ലഭ്യമാക്കണമെന്നും അടയന്തിരമായി ജിഎസ്ടി കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നും സമ്പത്ത് അഭ്യര്‍ത്ഥിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച വിഷയങ്ങള്‍ യൂനിയന്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കാമെന്നും പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം ജിഎസ്ടി കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാമെന്നും നിര്‍മ്മല സീതാരാമന്‍ ഉറപ്പു നല്‍കിയതായി സമ്പത്ത് അറിയിച്ചു.




Tags:    

Similar News