ഡല്‍ഹി കലാപം: തീവച്ച് നശിപ്പിച്ച വീടും കടയും കണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

ഇതിനിടെ, വ്യാഴാഴ്ച രാത്രി തലസ്ഥാനത്ത് കനത്ത മഴ പെയ്തതോടെ ഈദ് ഗാഹ് ക്യാംപില്‍ വെള്ളംകയറി.

Update: 2020-03-06 12:24 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാരം നടത്തിയ ആസൂത്രിത കലാപത്തില്‍ വീടും ഉപജീവനമാര്‍ഗമായ കടയും തീവച്ച് നശിപ്പിച്ചത് നേരില്‍ക്കണ്ട വയോധികന്‍ മണിക്കൂറുള്‍ക്കു ഷേഷം കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹി മുസ്തഫബാദിലെ ഈദ്ഗാഹ് ക്യാംപില്‍ വച്ചാണ് 62കാരനായ അമീന്‍ ഖാന്‍ മരണപ്പെട്ടത്. ശിവ് വിഹാറിലെ വീട്ടിലേക്ക് തിരിച്ചുപോവാന്‍ കഴിയുമോ എന്നറിയാനായി ക്യാംപില്‍നിന്നു സ്വദേശത്തേക്കു പോയതായിരുന്നു അമീന്‍ ഖാന്‍. തിരിച്ച് ക്യാംപിലെത്തിയ ഇദ്ദേഹം അതീവ ദുഖിതനായിരുന്നുവെന്ന് മകന്‍ ആസിഫ് പറഞ്ഞു. വീടും കടയും പൂര്‍ണമായും കത്തിച്ചെന്നും പണവും ആഭരണങ്ങളുമെല്ലാം കൊള്ളയടിച്ചുവെന്നും അമീന്‍ ഖാന്‍ മകനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അമീന്‍ഖാനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തത്. ഉടനെ സമീപത്തെ മെഹര്‍ ക്ലിനിക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    കടയും വീടും കണ്ട് തിരിച്ചെത്തിയ ശേഷം ഒരു മണിക്കൂറോളം പിതാവ് ഞങ്ങളോടൊന്നും സംസാരിച്ചില്ല. വീടെല്ലാം കത്തിച്ചെന്നും ആഭരണങ്ങളും പണവുമെല്ലാം കൊള്ളയടിച്ചെന്നും പറഞ്ഞു. പിന്നെ കുറച്ച് സമയത്തിന് ശേഷം അദ്ദേഹം ബോധം കെട്ട് വീഴുകയായിരുന്നുവെന്നും 28കാരനായ മകന്‍ ആസിഫ് പറഞ്ഞു. കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ഫെബ്രുവരി 25നു അമീന്‍ഖാനും കുടുംബവും മുസ്തഫാബാദിലെ മകളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് മുസ്തഫാബാദില്‍ ദുരിതാശ്വാസ ക്യാംപ് തുറന്ന ശേഷം ഇവര്‍ അവിടേക്ക് മാറുകയായിരുന്നു. അമീന്‍ ഖാന് ഭാര്യയും മൂന്ന് ആണ്‍മക്കളും ഒരു മകളും ഏഴ് പേരമക്കളുമാണുള്ളത്. ഇദ്ദേഹത്തിന്റെ വീടിനു സമീപം തന്നെ ഒരു ചായക്കട നടത്തിവരികയായിരുന്നു. ഇതെല്ലാം പൂര്‍ണമായും കലാപകാരികള്‍ അഗ്നിക്കിരയാക്കിയിരുന്നു.

    'അക്രമം പൊട്ടിപ്പുറപ്പെട്ട ദിവസം ഞങ്ങള്‍ ഓര്‍ക്കുന്നു. കുട്ടികളെയും മാതാപിതാക്കളെയും രക്ഷിക്കാന്‍, ഞങ്ങള്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് എന്റെ സഹോദരിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ക്യാംപ് തുറന്ന ശേഷം ഞങ്ങള്‍ അവിടേക്ക് മാറി. എല്ലാം പഴയപടിയാവുമെന്ന് അബ്ബു കരുതിയെങ്കിലും വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം ഞെട്ടിപ്പോയി. അദ്ദേഹം ഏറെസമയം കരഞ്ഞു. ഞങ്ങളുടെ വീട് എപ്പോഴെങ്കിലും തിരികെ ലഭിക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിന് നഷ്ടപ്പെട്ടു-മകന്‍ ആസിഫ് പറഞ്ഞു.

   

ഡല്‍ഹി കലാപത്തിലെ ഇരകള്‍ കഴിയുന്ന മുസ്തഫാബാദിലെ ഈദ് ഗാഹ് ക്യാംപില്‍ മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളം കയറിയപ്പോള്‍

    ഇതിനിടെ, വ്യാഴാഴ്ച രാത്രി തലസ്ഥാനത്ത് കനത്ത മഴ പെയ്തതോടെ ഈദ് ഗാഹ് ക്യാംപില്‍ വെള്ളംകയറി. 'രാത്രി 9.30ഓടെ മഴ പെയ്യാന്‍ തുടങ്ങി. റോഡുകളില്‍നിന്നു വെള്ളക്കെട്ട് ക്യാംപിലേക്ക് വെള്ളം കയറിയതോടെ കട്ടില്‍, പുതപ്പ് എന്നിവ ഒലിച്ചിറങ്ങി. ഞങ്ങള്‍ എല്ലാവര്‍ക്കും രാത്രിയില്‍ പുതിയ കിടക്കകള്‍ നല്‍കുംമെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ആളുകളെ മറ്റ് ക്യാംപുകളിലേക്കോ സ്ഥലത്തേക്കോ മാറ്റാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ക്യാംപുകളിലെ കൂടാരങ്ങള്‍ക്കടിയില്‍ മേശകള്‍ വച്ച് അവയുടെ മുകളിലാണ് മെത്തകള്‍ നനയാതിരിക്കാന്‍ വച്ചിരിക്കുന്നതെന്ന് സംഘാടകരിലൊരാളായ വസീം പറഞ്ഞു.




Tags:    

Similar News