ഡല്‍ഹിയിലെ സംഘപരിവാര്‍ ആക്രമണം; മരണ സംഖ്യ 13 ആയി

സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്ന് ജഫ്രാബാദിലേക്കുള്ള റോഡ് പോലിസ് അടച്ചു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ പരീക്ഷകള്‍ നീട്ടിവച്ചതായി സിബിഎസ്ഇ അധികൃതര്‍ അറിയിച്ചു.

Update: 2020-02-25 17:41 GMT

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭങ്ങളെ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നും ഇന്നലെയുമായി നടന്ന സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ കണക്കാണ് ഗുരുതേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ പുരത്ത് വിട്ടത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് മുസ് ലിംകള്‍ക്കെതിരേ വ്യാപകമായ ആക്രമണം നടക്കുന്നത്. മുസ് ലിം പള്ളികളും വ്യാപാരസ്ഥാപനങ്ങളും വീടുകളും സംഘപരിവാര്‍ ആള്‍ക്കൂട്ടം തീവെച്ച് നശിപ്പിച്ചു.


സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.ചൊവ്വാഴ്ച വൈകിട്ട് ചാന്ദ്ബാഗില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഭജന്‍പൂര ചൌക്കില്‍ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം തടയാതെ കാഴ്ചക്കാരായി നില്‍ക്കുകയാണ് ഡല്‍ഹി പോലിസ്.


കര്‍വാല്‍ നഗറില്‍ മുസ്‌ലിം പള്ളിയും സമീപത്തുള്ള കുടിലുകളും അക്രമികള്‍ കത്തിച്ചു.135 പേരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കര്‍വാല്‍ നഗര്‍, മൗജ്പൂര്‍, ഭജന്‍പുര, വിജയ് പാര്‍ക്ക്, യമുന വിഹാര്‍, കദംപുരി എന്നിവിടങ്ങളില്‍ സംഘര്‍ഷം ആവര്‍ത്തിക്കുകയാണ്.

നിരോധനാജ്ഞ നിനില്‍ക്കെ റോഡുകളിലും ചെറു ഇടവഴികളിലും സംഘങ്ങളായി ആയുധമേന്തിയവര്‍ തുടരുകയാണ്. കല്ലേറും വാഹനങ്ങളും വീടുകളും അഗ്‌നിക്കിരയാക്കലും തുടരുന്നു. ഇന്നലെ തീയിട്ട ഗോകുല്‍ പുരി ടയര്‍മാര്‍ക്കറ്റിലെയും സമീപ പ്രദേശങ്ങളിലെയും തീ പൂര്‍ണമായി അണക്കാനായിട്ടില്ല. മതം ചോദിച്ചുള്ള അക്രമം തുടരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു.

ആക്രമണം വ്യാപിച്ച സാഹചര്യത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ നീട്ടിവച്ചതായി സിബിഎസ്ഇ അധികൃതര്‍ അറിയിച്ചു. സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്ന് ജഫ്രാബാദിലേക്കുള്ള റോഡ് പോലിസ് അടച്ചു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


സ്ത്രീകളും കുട്ടികളും അടക്കമുള്ളര്‍ പ്രാണരക്ഷാര്‍ത്ഥം വീടുകളില്‍ കഴിയുകയാണ്. സംഘര്‍ഷാന്തരീക്ഷം തുടരുന്നതിനാല്‍ ജാഫറബാദ്, മൗജ്പൂര്‍ ബാബര്‍പൂര്‍, ഗോകുല്‍പുരി, ജോഹ്‌റി എന്‍ക്ലേവ്, ശിവ വിഹാര്‍ എന്നീ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. ഇന്നലെ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.


എന്നാല്‍, ഡല്‍ഹിയിലെ ആക്രമണം നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. സംഘര്‍ഷ മേഖലയില്‍ ആവശ്യത്തിന് സേനയെ വ്യന്യസിച്ചിട്ടുണ്ട്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.




Tags:    

Similar News