ജഹാംഗീര്‍പുരി സംഘര്‍ഷം: ആയുധധാരികളായ ഹിന്ദുത്വര്‍ പള്ളി ആക്രമിച്ചു; എന്‍എസ്എ ചുമത്തിയത് മുസ്‌ലിംകള്‍ക്കെതിരേ

ഹിന്ദുത്വര്‍ പരസ്യമായി തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി സംഘര്‍ഷം സൃഷ്ടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാനോ കേസെടുക്കാനോ തയ്യാറാവാതെ ഇരകളാക്കപ്പെട്ടവര്‍ക്കെതിരേ എന്‍എസ്എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തിയാണ് ഭരണകൂടവും പോലിസും വീണ്ടും വേട്ടയാടുന്നത്.

Update: 2022-04-20 08:05 GMT

ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ മറവില്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഇരു വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ എന്നാരോപിച്ച് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കളില്‍ അഞ്ചു പേര്‍ക്കെതിരേ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തിയിരിക്കുകയാണ് പോലിസ്. ഒരു കുറ്റവും ചുമത്താതെ പ്രതികളെ ഒരു വര്‍ഷം വരെ തടവിലിടാവുന്ന കാടന്‍ നിയമമാണിത്.

ഹിന്ദുത്വര്‍ പരസ്യമായി തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി സംഘര്‍ഷം സൃഷ്ടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാനോ കേസെടുക്കാനോ തയ്യാറാവാതെ ഇരകളാക്കപ്പെട്ടവര്‍ക്കെതിരേ എന്‍എസ്എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തിയാണ് ഭരണകൂടവും പോലിസും വീണ്ടും വേട്ടയാടുന്നത്.

മുഖ്യ പ്രതിയെന്ന് പോലിസ് ആരോപിക്കുന്ന അന്‍സാര്‍, സലിം, ഇമാം ഷെയ്ഖ് എന്ന സോനു, ദില്‍ഷാദ്, അഹിയര്‍ എന്നിവര്‍ക്കെതിരേയാണ് എന്‍എസ്എ ചുമത്തിയത്.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി പോലിസ് കമ്മീഷണര്‍ രാകേഷ് അസ്താനയ്ക്ക് നിര്‍ദേശം നല്‍കിയതിന്റെ മറപിടിച്ചാണ് മുസ്‌ലിം യുവാക്കള്‍ക്കെതിരേ പോലിസ് കള്ളക്കേസെടുക്കുകയും കരിനിയമങ്ങള്‍ ചുമത്തുകയും ചെയ്തത്. രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തില്‍ പോലിസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.

അനുമതിയില്ലാതെ ജഹാംഗീര്‍പുരി പ്രദേശത്ത് ഹനുമാന്‍ ജയന്തി ഘോഷയാത്ര നടത്തുകയും ഹിന്ദുത്വര്‍ പള്ളി മിനാരത്തില്‍ കാവി കൊടി ഉയര്‍ത്തുകയും ചെയ്തതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഘോഷയാത്ര പള്ളിക്കു മുന്നിലൂടെ കടന്നു പോവുന്നതിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പാട്ട് വയ്ക്കുകയും ചെയ്തതും തര്‍ക്കത്തിന് കാരണമായി.

Tags:    

Similar News