ഡല്‍ഹി മുസ്‌ലിം വംശീയ ആക്രമണം: ഗൂഢാലോചകരുടെ പട്ടികയില്‍ സിപിഎം ജനറല്‍ സെക്രട്ടറി അടക്കമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി ഡല്‍ഹി പോലിസ്

യച്ചൂരിക്കൊപ്പം സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയതി ഘോഷ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് തുടങ്ങിയ പ്രമുഖരാണ് പോലിസ് ഫയല്‍ ചെയ്ത അനുബന്ധ കുറ്റപത്രത്തില്‍ ഇടംപിടിച്ചത്.

Update: 2020-09-12 16:58 GMT

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശീയ ആക്രമണത്തിലെ സഹ ഗൂഢാലോചകരില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെയുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി ഡല്‍ഹി പോലിസ്. യച്ചൂരിക്കൊപ്പം സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയതി ഘോഷ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് തുടങ്ങിയ പ്രമുഖരാണ് പോലിസ് ഫയല്‍ ചെയ്ത അനുബന്ധ കുറ്റപത്രത്തില്‍ ഇടംപിടിച്ചത്.

സിഎഎ വിരുദ്ധ പ്രക്ഷോഭകരോട് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ ഇവര്‍ ആവശ്യപ്പെട്ടുവെന്നും സിഎഎ/എന്‍ആര്‍സി എന്നിവ മുസ്‌ലിം വിരുദ്ധമാണെന്ന് ആരോപിച്ച് സമൂഹത്തില്‍ അതൃപ്തി പ്രചരിപ്പിക്കുകയും ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന് പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുവെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.

53 പേര്‍ കൊല്ലപ്പെടുകയും 581 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരി 23നും 26നും ഇടയില്‍ അരങ്ങേറിയ കലാപത്തെക്കുറിച്ച് പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുള്ളത്. യുഎപിഎ പ്രകാരം നിയമനടപടി നേരിടുന്ന ദേവാംഗന കലിത, നടാഷ നര്‍വാള്‍, ഗുല്‍ഫിഷ ഫാത്തിമ എന്നീ മുന്നു വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രമുഖരെ പ്രതിചേര്‍ത്തതെന്നും പോലിസ് അവകാശപ്പെട്ടു.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പരസ്യപ്പെടുത്തിയ കുറ്റപത്രത്തില്‍, കലാപത്തില്‍ പങ്കാളികളാണെന്ന് കലിതയും നര്‍വാളും സമ്മതിച്ചതായി ഡല്‍ഹി പോലിസ് അവകാശപ്പെട്ടു.

Tags:    

Similar News