ഡല്‍ഹി കലാപത്തിലെ ഇരയെ 'ഉപദ്രവിച്ച' പോലിസിനെ നിര്‍ത്തിപ്പൊരിച്ച് കോടതി; നിഷ്പക്ഷമായ അന്വേഷണം നടത്താനും നിര്‍ദേശം

കഴിഞ്ഞ 18 മാസത്തിനിടെ ഓരോ കാരണം പറഞ്ഞ് തന്നെ 50 തവണയെങ്കിലും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2021-10-06 12:09 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യതലസ്ഥാനത്ത് മുസ്‌ലിംകളെ ലക്ഷ്യമിട്ട് നടത്തിയ വംശഹത്യാ അതിക്രമത്തിലെ ഇരയെ അന്വേഷണത്തിന്റെ മറവില്‍ നിരന്തരം രേഖകള്‍ തേടി 'ഉപദ്രവിച്ച' ഡല്‍ഹി പോലിസിനെ നിര്‍ത്തിപ്പൊരിച്ച് ഡല്‍ഹി മജിസ്‌ട്രേറ്റ് കോടതി. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താനും കോടതി പോലിസിന് നിര്‍ദേശം നല്‍കി.

താന്‍ സമര്‍പ്പിച്ച രേഖകള്‍ക്ക് എക്‌നോജള്‌മെന്റ് രസീത് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കലാപത്തിലെ ഇര നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

കഴിഞ്ഞ വര്‍ഷം നടന്ന അക്രമത്തിനിടെ വെസ്റ്റ് കരവാള്‍ നഗര്‍ പ്രദേശത്തെ വീട് ഒരു സംഘം ആക്രമിച്ചതിനെതുടര്‍ന്ന് ഹര്‍ജിക്കാരനായ മുഹമ്മദ് സല്‍മാന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അരുണ്‍ കുമാര്‍ ഗാര്‍ഗിന് മുമ്പാകെ സല്‍മാന്‍ നല്‍കിയ ഹര്‍ജിയില്‍, സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രണ്ടുതവണ തന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും അക്‌നോളജ്‌മെന്റ് രസീത് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി. ആള്‍ക്കൂട്ട ആക്രമണത്തിന് ശേഷം താന്‍ താമസമാക്കിയ പുതിയ വീടിന്റെ ഉടമയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചെന്നും ഹരജിയില്‍ സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 18 മാസത്തിനിടെ ഓരോ കാരണം പറഞ്ഞ് തന്നെ 50 തവണയെങ്കിലും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

മേല്‍പ്പറഞ്ഞ ഭൂവുടമ ആരോപണവിധേയമായ സംഭവത്തിന് സാക്ഷിയല്ലാതിരിക്കെ പ്രസ്തുത മൊഴി രേഖപ്പെടുത്തിയതിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ കോടതിക്ക് കഴിയുന്നില്ലെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനും ഖജൂരി ഖാസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും തുടരന്വേഷണത്തിന്റെ പേരില്‍ പീഡിപ്പിച്ചെന്ന പരാതിപ്രഥമദൃഷ്ട്യാ യഥാര്‍ത്ഥമാണെന്നും മിഥ്യാധാരണയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണത്തിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ജോയിന്റ് പോലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയ കോടതി പരാതിക്കാരനെ അനാവശ്യമായി ശല്യപ്പെടുത്തരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് നല്‍കുകയും ചെയ്തു.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരി 23 നും ഫെബ്രുവരി 26 നും ഇടയില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളില്‍ 53 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരകളില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്.

Tags:    

Similar News