ശാഹീന്‍ബാഗ് പ്രക്ഷോഭത്തിന്റെ സംഘാടകരിലൊരാളായ ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹക്കേസ്

ശാഹീന്‍ബാഗിലെ പ്രതിഷേധ സ്ഥലത്താണ് ഷര്‍ജീല്‍ ഇമാം വിവാദ പ്രസംഗം നടത്തിയതെന്ന് പ്രചരിക്കുന്ന ഭാഗങ്ങളില്‍ നിന്ന് വ്യക്തമല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

Update: 2020-01-26 15:21 GMT

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ജെഎന്‍യു വിദ്യാര്‍ഥിക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ശാഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ ഷര്‍ജീല്‍ ഇമാം എന്ന വിദ്യാര്‍ഥിക്കെതിരെയാണ് കേസ്. അസമിനെ വേര്‍പെടുത്തണമെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നതെന്നാണ് പോലിസ് പറയുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിക്കുന്നതിനിടെ രാജ്യത്തിന്റെ ഐക്യത്തിനെയും അഖണ്ഡതയെയും ബാധിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാണ് ഡല്‍ഹി പോലിസ് പറയുന്നത്. ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയിലും സമാനമായ പ്രസംഗങ്ങള്‍ ഷര്‍ജീല്‍ ഇമാം നടത്തിയെന്നാണ് ഡല്‍ഹി പോലിസ് ആരോപിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 153 എ, 505 തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം ശാഹീന്‍ബാഗിലെ പ്രതിഷേധ സ്ഥലത്താണ് ഷര്‍ജീല്‍ ഇമാം വിവാദ പ്രസംഗം നടത്തിയതെന്ന് പ്രചരിക്കുന്ന ഭാഗങ്ങളില്‍ നിന്ന് വ്യക്തമല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ശാഹീന്‍ബാഗ് സമരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേസെടുത്തിരിക്കുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഷര്‍ജീല്‍ ഇമാം തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാനും പോലിസിനെ മനീഷ് സിസോദിയ വെല്ലുവിളിച്ചു. ഷര്‍ജീല്‍ ഇമാമിനെതിരെ അസം പോലിസ് യുഎപിഎ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഡല്‍ഹി പോലീസിന്റെ നടപടി. 


Full View

Tags:    

Similar News