ഡല്‍ഹി: വോട്ടെണ്ണല്‍ തുടങ്ങി, എഎപിക്ക് മുന്നേറ്റം

നിലവില്‍ 26 ഇടങ്ങളില്‍ എഎപിയും 11 ഇടങ്ങളില്‍ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്.

Update: 2020-02-11 02:57 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. 21 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. സര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് പുറമെ എണ്‍പത് കഴിഞ്ഞവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ടുകള്‍ അനുവദിച്ചിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഡല്‍ഹി പോലിസും അര്‍ധസൈനിക വിഭാഗവും സുരക്ഷയൊരുക്കിയിട്ടുണ്ട്. പൗരത്വനിയമത്തിനെതിരേ പ്രതിഷേധം തുടരുന്ന ശാഹീന്‍ബാഗ്, ജാമിയാ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ഭരണം നിലനിര്‍ത്തുന്നതിന് എഎപിക്കും ഭരണം പിടിക്കുന്നതിന് ബിജെപിക്കും സീറ്റുനില വര്‍ധിപ്പിക്കുന്നതിന് കോണ്‍ഗ്രസിനും ഫലം നിര്‍ണായകമാണ്. ത്രികോണ മത്സരമാണ് നടന്നതെങ്കിലും എഎപിയും ബിജെപിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു പലമണ്ഡലങ്ങളിലും. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം എഎപിയുടെ ഭരണത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്.

62.59 ശതമാനം പേര്‍ വോട്ടു ചെയ്തു എന്ന കണക്ക്, തര്‍ക്കത്തിനൊടുവില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടിരുന്നു. എക്കാലത്തേക്കാളും കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഇത്തവണ പോളിംഗ് ബൂത്തിലെത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായ മൂന്നാംതവണയും അധികാരത്തിലേറാമെന്ന ആത്മവിശ്വാസവുമായാണ് അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ ആംആദ്മി പാര്‍ട്ടിയും. എക്‌സിറ്റ്‌പോള്‍ ഫലങ്ങളുടെ ആവേശത്തിലാണ് ആംഅദ്മി പാര്‍ട്ടി. എന്നാല്‍ അവസാന മണിക്കൂറുകളില്‍ പോളിംഗ് ബൂത്തിലെത്തിയ വോട്ടര്‍മാരിലാണ് ബിജെപിയുടെ പ്രതീക്ഷയത്രയും. ശാഹീന്‍ബാഗ് മുഖ്യവിഷയമാക്കി പ്രചാരണം നടത്തിയ ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ വലിയ ക്ഷീണം ചെയ്യും. എന്‍ആര്‍സി അംഗീകരിക്കിലെന്ന് പല സംസ്ഥാനങ്ങളും വ്യക്തമാക്കിയിരിക്കെ ഡല്‍ഹിയിലെ എതിരായ ജനവിധി സര്‍ക്കാര്‍ വാദം ദുര്‍ബലപ്പെടുത്തും.

അതേസമയം, തന്റെ നേട്ടങ്ങളെ നിര്‍ത്തി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കാനുള്ള ഒരുക്കത്തിലാണ് കെജ്രിവാള്‍.പാര്‍ട്ടിയെ ദേശീയ കക്ഷിയാക്കാനുള്ള ശ്രമങ്ങളില്‍ കഴിഞ്ഞ രണ്ടുതവണയും ഇടയക്കുവെച്ച് കെജ്രിവാളിന് കാലിടറയിട്ടുണ്ട്. എന്നാല്‍ ആ ഇടര്‍ച്ചകളില്‍നിന്നൊക്കെ അതിവേഗം മറികടന്ന് തിരിച്ചുവരാനുള്ള അസാമാന്യമായ കഴിവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.


Tags:    

Similar News