പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചില്ല; മലപ്പുറം നഗരസഭ ഓഫിസ് ഉപരോധിച്ചു

ശ്മശാനത്തിലെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായിരുന്ന കുറവ് മൂലമാണ് മൃതദേഹം ദഹിപ്പിക്കാന്‍ വൈകിയത്.

Update: 2019-03-22 15:02 GMT

മലപ്പുറം: മുങ്ങി മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ വൈകിയെന്ന് ആരോപിച്ച് നാട്ടുകാര്‍ നഗരസഭ ഓഫിസ് ഉപരോധിച്ചു. ശ്മശാനത്തിലെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായിരുന്ന കുറവ് മൂലമാണ് മൃതദേഹം ദഹിപ്പിക്കാന്‍ വൈകിയത്. ശക്തമായ പ്രതിഷേധവുമായി മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീലയെ നാട്ടുകാര്‍ ഉപരോധിച്ചതോടെ മൃതദേഹം മറവു ചെയ്യാന്‍ അവസരമൊരുക്കി.

മേട്ടുപ്പാളയം സ്വദേശിയായ സുന്ദരനാണ് കഴിഞ്ഞ ദിവസം കടലുണ്ടിപ്പുഴയില്‍ മുങ്ങിമരിച്ചത്.മൃതദേഹം ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ദഹിപ്പിക്കാനായി 11 മണിയോടെ പൊതുശ്മശാനത്തില്‍ എത്തിച്ചെങ്കിലും ജീവനക്കാര്‍ ദഹിപ്പിക്കാനാവില്ല എന്ന നിലപാട് എടുത്തു.

മൃതദേഹം കൊണ്ടുവന്നത് നാട്ടുകാരാണെന്നതും, കൂടെയുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളില്‍ ബന്ധുക്കളാരും ഉണ്ടായിരുന്നില്ലെന്നതുമായിരുന്നു തര്‍ക്കത്തിന് കാരണമായത്. ബന്ധുക്കളാരെങ്കിലും പിന്നീട് വന്നാല്‍ പ്രശ്‌നമാകുമെന്ന് ചൂണ്ടിക്കാട്ടിയ ശ്മശാനം ജീവനക്കാര്‍ മൃതദേഹം ദഹിപ്പിക്കാനാവില്ലെന്ന നിലപാടെടുത്തു. മൃതദേഹം മറവുചെയ്യാമെന്നായിരുന്നു ഇവരുടെ വാദം.

ഈ തീരുമാനത്തെ നാട്ടുകാര്‍ അംഗീകരിച്ചു. എന്നാല്‍ മൂന്ന് ജീവനക്കാരുളള ശ്മശാനത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയായിട്ടും കുഴിയെടുക്കാന്‍ ഒരാള്‍ മാത്രമാണ് എത്തിയത്. മറ്റ് ജീവനക്കാര്‍ എവിടെയെന്ന് നാട്ടുകാര്‍ ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഇതോടെ, നാട്ടുകാര്‍ മൃതദേഹവുമായി നഗരസഭയുടെ മുന്നിലെത്തി. മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സനെയും കൗണ്‍സിലര്‍മാരെയും ഉപരോധിക്കുകയായിരുന്നു.

തുടര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ ഉത്തരവിട്ടത്. ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ ഉറപ്പു നല്‍കി.

Tags:    

Similar News