സ്റ്റാലിനെതിരേ അപകീര്‍ത്തി പരാമര്‍ശം; തമിഴ്‌നാട് ബിജെപി അധ്യക്ഷന് ഡിഎംകെയുടെ വക്കീല്‍ നോട്ടീസ്

5,000 കോടിയുടെ വിദേശനിക്ഷേപം നടത്തുന്നതിനായാണ് സ്റ്റാലിന്റെ ദുബയ് സന്ദര്‍ശനമെന്ന അണ്ണാമലൈയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരേയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

Update: 2022-03-26 19:16 GMT

ചെന്നൈ: മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് ഡിഎംകെ വക്കീല്‍ നോട്ടീസ് അയച്ചു. 5,000 കോടിയുടെ വിദേശനിക്ഷേപം നടത്തുന്നതിനായാണ് സ്റ്റാലിന്റെ ദുബയ് സന്ദര്‍ശനമെന്ന അണ്ണാമലൈയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരേയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

24 മണിക്കൂറിനകം മാപ്പുപറഞ്ഞ് വിശദീകരണം നല്‍കാത്തപക്ഷം 100 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഡിഎംകെ സംഘടന സെക്രട്ടറി ആര്‍ എസ് ഭാരതി എംപി അയച്ച നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിദേശ സന്ദര്‍ശനം പതിവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന രാഷ്ട്രീയകക്ഷിയുടെ നേതാവാണ് ഇത്തരമൊരു വിലകുറഞ്ഞ ആരോപണമുന്നയിച്ചതെന്നും ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി പണം ഈടാക്കിയതിന്റെ പട്ടിക തങ്ങളുടെ കൈവശമുണ്ടെന്നും താമസിയാതെ ഇത് പുറത്തുവിടുമെന്നും ഭാരതി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Tags: