പ്രവാസികളുടെ കാര്യത്തില്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് എസ് ഡിപിഐയുടെ നിവേദനം

Update: 2020-04-10 12:17 GMT

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജിസിസി രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കു വേണ്ടി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ നമ്മുടെ സര്‍ക്കാരിന്റെ ശ്രദ്ധ അര്‍ഹിക്കുന്നുണ്ടെന്നും മൊത്തം പ്രവാസി ഇന്ത്യക്കാരില്‍ 60% ത്തിലേറെ പേരും സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹറയ്ന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളിലാണുള്ളതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പല ഗള്‍ഫ് രാജ്യങ്ങളിലും ഇവര്‍ പ്രാദേശിക ജനതയേക്കാള്‍ കൂടുതലാണ്. യുഎഇയിലെ മൊത്തം ജനസംഖ്യയുടെ 30% ഇന്ത്യക്കാരാണെന്ന് കണക്കാക്കപ്പെടുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ സമ്പദ്ഘടന നിലനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും ഇവര്‍ സമ്പാദിക്കുന്ന വിദേശനാണ്യം ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇപ്പോഴത്തെ ആഗോള ദുരന്ത സാഹചര്യത്തില്‍ ഇവര്‍ തുല്യമായ ശ്രദ്ധയും പിന്തുണയും അര്‍ഹിക്കുന്നുണ്ട്.

    പ്രവാസികള്‍ക്ക് വീടണയാന്‍ ആവശ്യമായ തോതില്‍ ഇന്ത്യയിലേക്ക് സര്‍ക്കാര്‍ വിമാന സര്‍വീസുകള്‍ ഒരുക്കണം. അവരധിവസിക്കുന്ന രാഷ്ട്രങ്ങളില്‍ നിന്നും വേണ്ട വിധം പരിഗണന ലഭിക്കുന്നില്ല. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന അധികം പേര്‍ക്കും സമയത്ത് ചികില്‍സ ലഭിക്കുന്നില്ല. ഇവരില്‍ സാധാരണ തൊഴിലാളികളും, സെയില്‍സ്മാന്‍മാരുമായി ജോലി ചെയ്യുന്ന മിക്കവര്‍ക്കും ലോക്ക് ഡൗണ്‍ കാരണമായി നിത്യഭക്ഷണം പോലും കിട്ടാത്ത അവസ്ഥയാണ്. അന്യോന്യം സഹായിക്കുന്ന കാര്യത്തിലും അവര്‍ക്ക് പരിമിതികളുണ്ട്. ആയതിനാല്‍ അടിയന്തിരമായി താഴെ പറയുന്ന കാര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അഭ്യര്‍ത്ഥിച്ചു.

    1. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നതിന്റെ സാധ്യതയെക്കുറിച്ച് അതത് സര്‍ക്കാരുകളുമായി കൂടിയാലോചിക്കുക. ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശികളെ അവരുടെ നാട്ടിലെത്തിക്കാനും ചൈനയിലെ വുഹാനില്‍ പെട്ടു പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനും നാം ഇത് ചെയ്തിട്ടുണ്ട്.

2. ദിനേന, ഓരോ വിദേശ രാജ്യത്തുമുള്ള പ്രവാസി വിഷയങ്ങള്‍ വെവ്വേറെ നീരീക്ഷിക്കാനും കൈകാര്യം ചെയ്യാനുമായി, വിദേശകാര്യ മന്ത്രാലയത്തില്‍ സംവിധാനമൊരുക്കണം. അതതു രാഷ്ട്രങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി ഓരോ ജിസിസി രാഷ്ട്രത്തലവനുമായും പ്രധാനമന്ത്രി നേരില്‍ സംസാരിക്കണം

3. ഈ അടിയന്തിര സാഹചര്യത്തില്‍ നമ്മുടെ പൗരന്മാരെ സഹായിക്കുന്നതില്‍ ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും കൂടുതല്‍ മുന്‍കരുതലോടുകൂടി ഇടപെടണം. ഇതു സംബന്ധമായി ജിസിസിയിലെ എംബസികള്‍ക്ക് താഴെ കൊടുത്തിട്ടുളള നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഞാനഭ്യര്‍ത്ഥിക്കുന്നു:

    ആവശ്യക്കാരായ എല്ലാ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും ബാച്ചിലര്‍ അക്കമഡേഷനുകളിലും ലേബര്‍ ക്യാംപുകളിലും സ്ഥിരമായി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക.

    ഒരു ഇന്ത്യക്കാരനും വിശിഷ്യാ കൊവിഡ് 19 പോസിറ്റിവായവര്‍ക്കും രോഗലക്ഷണമുളളവര്‍ക്കും മതിയായ ചികില്‍സ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

    ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ മേഖലയില്‍ വിവിധ തലങ്ങളില്‍ ഇന്ത്യക്കാര്‍ മുന്‍നിരയില്‍ സേവനമനുഷ്ഠിക്കുന്നു. ഇവര്‍ക്ക് അണുബാധയേല്‍ക്കാനുളള സാധ്യത വളരെ കൂടുതലാണ്. അവര്‍ക്ക് ആവശ്യമായ സുരക്ഷിതത്വം നമ്മുടെ എംബസികള്‍ ഉറപ്പുവരുത്തണം.

    വിവിധ ഇന്ത്യന്‍ പ്രവാസി കൂട്ടായ്മകളുടെ സേവനങ്ങള്‍ നമ്മുടെ എംബസികളും കോണ്‍സുലേറ്റുകളും വേണ്ട വിധം ഉപയോഗപ്പെടുത്തുകയും ഏകോപ്പിക്കുകയും ചെയ്യണം. കാരണം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒറ്റയ്ക്ക് ചെയ്ത തീര്‍ക്കാവുന്നതിലും വളരെ അധികമാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍.


Tags:    

Similar News