ദലിത് സര്‍പഞ്ചിന്റെ ഭര്‍ത്താവിനെ ഗുജറാത്തില്‍ തല്ലിക്കൊന്നു
മന്‍ജിഭായിയും ഗീതയും കഴിഞ്ഞ വര്‍ഷം പോലിസ് സംരക്ഷണം തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. കത്തി ദര്‍ബാര്‍ സമുദായത്തില്‍നിന്നു ഭീഷണിയുണ്ടെന്നു കാണിച്ചായിരുന്നു പരാതി.
ബത്താഡ്: ദലിത് സര്‍പഞ്ചിന്റെ ഭര്‍ത്താവിനെ ഗുജറാത്തില്‍ കാറിടിച്ച് വീഴ്ത്തി തല്ലിക്കൊന്നു. ബത്താഡ് ജില്ലയിലെ രണ്പുര്ബല്വാല റോഡിലാണു സംഭവം. മന്‍ജിഭായ് സോളങ്കി(51)യാണു ബൈക്കില്‍ യാത്ര ചെയ്യവെ ആറംഗസംഘത്തിന്റെ ആക്രമണത്തില്‍ ബുധനാഴ്ച കൊല്ലപ്പെട്ടത്.
യാത്ര ചെയ്യവെ ബൈക്കില്‍ കാര്‍ ഇടിപ്പിച്ചു വീഴ്ത്തിയശേഷം മര്‍ദിച്ചുകൊലപ്പെടുത്തുകയായിരുന്നെന്ന് മന്‍ജിഭായ് മരിക്കുന്നതിനു മുമ്പ് ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കവെ പറഞ്ഞു. മന്‍ജിഭായ് സോളങ്കിയുടെ മൊഴി ബന്ധുവിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കാറില്‍ എത്തിയവരാണ് ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രണ്‍പുര്‍ താലൂക്കിലെ ജലിയ ഗ്രാമത്തിലെ സര്‍പ്പഞ്ച് ഗീത സോളങ്കിയുടെ ഭര്‍ത്താവാണ് മന്‍ജിഭായ്. മന്‍ജിഭായ് സോളങ്കി ഡെപ്യൂട്ടി സര്‍പഞ്ച് എന്ന അനൗദ്യോഗിക സ്ഥാനം വഹിക്കുന്നുണ്ട്. മന്‍ജിഭായിയും ഗീതയും കഴിഞ്ഞ വര്‍ഷം പോലിസ് സംരക്ഷണം തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. കത്തി ദര്‍ബാര്‍ സമുദായത്തില്‍നിന്നു ഭീഷണിയുണ്ടെന്നു കാണിച്ചായിരുന്നു പരാതി.