തൊഴിലാളികളുടെ കുറഞ്ഞ വേതനം 18000 രൂപ; സിപിഎം പ്രകടന പത്രിക പുറത്തിറക്കി

ലോക ചരിത്രത്തില്‍ ആദ്യമായി പ്രകടന പത്രികയുടെ ശബ്ദരേഖ പുറത്തിറക്കി

Update: 2019-03-28 11:22 GMT

ന്യൂഡല്‍ഹി: തൊഴിലാളികളുടെ കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കും, ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും, കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനം അധിക വില ഉറപ്പാക്കും തുടങ്ങിയ 15 വാഗ്ദാനങ്ങളുമായി സിപിഎം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രഥമ ലക്ഷ്യമെന്നും കേന്ദ്രത്തില്‍ സിപിഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എല്ലാ കുടുംബങ്ങള്‍ക്കും പൊതുവിതരണ സംവിധാനത്തിലൂടെ കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ 35 കിലോ അരി നല്‍കും, വാര്‍ധക്യ പെന്‍ഷന്‍ ആറായിരമോ മിനിമം വേതനത്തിന്റെ പകുതിയോ ആക്കും തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ടുരൂപ നിരക്കില്‍ 7 കിലോ അരി, തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം, ഡിജിറ്റല്‍ മേഖലയെ പൊതുഇടമായി കണക്കാക്കും, മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കും, നിര്‍ണായക പദവികളില്‍ ആര്‍എസ്എസ് നേതാക്കളെ നിയോഗിച്ചത് ഒഴിവാക്കും, സ്ത്രീ സംവരണ ബില്‍ നടപ്പാക്കും, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും സംവരണം ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

    രാജ്യചരിത്രത്തിലെ അതിനിര്‍ണായകമായ തിരഞ്ഞെടുപ്പ് എന്ന ആമുഖത്തോടെയാണ് സിപിഎം പ്രകടന പത്രിക തുടങ്ങുന്നത്. ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി പ്രകടന പത്രികയുടെ ശബ്ദരേഖ പുറത്തിറക്കി എന്ന പ്രത്യേകതയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പുറത്തിറക്കിയ പ്രകടന പത്രികയ്ക്കു ലഭിച്ചു. ഭിന്നശേഷിക്കാരെ ലക്ഷ്യമിട്ടാണ് ശബ്ദ രേഖ പുറത്തിറക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള പങ്കെടുത്തു.




Tags: