ബന്ദിയാക്കപ്പെട്ട സൈനികന്‍ വെടിയേറ്റ് ചികില്‍സയിലാണ്; 4 മാവോവാദികളും കൊല്ലപ്പെട്ടു

2020 നവംബര്‍ മുതല്‍ നടന്ന ആക്രമണങ്ങളില്‍ 150 ഓളം സിവിലിയന്മാരും ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് സൈനികരെ വിന്യസിച്ച് സമാനമായ ആക്രമണം മൂന്ന് ദിവസം മുമ്പ് പോലിസ് സംഘടിപ്പിച്ചിരുന്നു.

Update: 2021-04-07 08:19 GMT

ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ ഏപ്രില്‍ മൂന്നിന് സൈന്യവും മാവോവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കാണാതായ കോബ്ര കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസ് തങ്ങളുടെ തടവില്‍ ചികില്‍സയിലാണെന്ന് മാവോവാദി പ്രസ്താവന. സിപിഐ മാവോയിസ്റ്റ് ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏറ്റുമുട്ടലില്‍ നാല് മാവോവാദികളും കൊല്ലപ്പെട്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

കോബ്ര കമാന്‍ഡോയുടെ മോചനത്തിനായി മധ്യസ്ഥരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് മാവോവാദികള്‍ ആവശ്യപ്പെട്ടു. 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഏറ്റുമുട്ടലില്‍ നാല് കേഡര്‍മാര്‍ കൊല്ലപ്പെട്ടതായും സിപിഐ(മാവോയിസ്റ്റ്) സമ്മതിച്ചു.

സിആര്‍പിഎഫിന്റെ എലൈറ്റ് യൂനിറ്റായ 210ാമത് കോബ്ര ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ രാകേശ്വര്‍ സിങ്് മന്‍ഹാസിനെ കഴിഞ്ഞ ശനിയാഴ്ച സുക്മ, ബിജാപൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ വെടിവയ്പിനിടെയാണ് കാണാതായത്. മാവോവാദികളുടെ പ്രസ്താവന ആധികാരികമാണെന്ന് ഛത്തിസ്ഗഡ് പോലിസ് പറഞ്ഞു. ഒരു മാധ്യമ പ്രവര്‍ത്തകനെയോ സാമൂഹിക പ്രവര്‍ത്തകനെയോ മധ്യസ്ഥനായി നിയോഗിക്കുമെന്ന്് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വെടിവയ്പില്‍ കൊല്ലപ്പെട്ട പിഎല്‍ജിഎ കേഡര്‍മാരുടെ വിവരങ്ങളും മാവോവാദികള്‍ പുറത്തുവിട്ടിട്ടുണ്ട്. തെക്കന്‍ ബസ്തര്‍ സ്വദേശികളായ ഓഡി സാനി, പദം ലക്ഷ്മ, കൊവാസി ബദ്രു, നൂപ സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സാനിയുടെ മൃതദേഹം സുരക്ഷാ സേനയാണ് കണ്ടെടുത്തത്.

സര്‍ക്കാര്‍ മധ്യസ്ഥരുടെ പേരുകള്‍ പ്രഖ്യാപിച്ചാല്‍, നിബന്ധനകളോടെ ഉദ്യോഗസ്ഥനെ മോചിപ്പിക്കും. അതുവരെ അദ്ദേഹം ജനതാന സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ സുരക്ഷിതനാകുമെന്നും സിപിഐ (മാവോയിസ്റ്റ്) ദണ്ഡകാരണ്യ പ്രത്യേക മേഖലാ കമ്മിറ്റി ഔദ്യോഗിക വക്താവ് വികല്‍പ് പ്രസ്താവനയില്‍ പറഞ്ഞു.

ഞങ്ങള്‍ എല്ലായ്‌പ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്, പക്ഷേ സര്‍ക്കാരിന് സമഗ്രതയോ ബോധ്യമോ ഉണ്ടായിരുന്നില്ല. മുമ്പ് സര്‍ക്കാരുമായി നടത്തിയ നിരവധി ചര്‍ച്ചകളില്‍ വിപ്ലവകാരികള്‍ ഒരിക്കലും ആയുധം ഉപേക്ഷിച്ചില്ല. ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ സൃഷ്ടിപരമായ അന്തരീക്ഷം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സേനയെ വിന്യസിക്കുക, സൈനിക ക്യാംപുകള്‍ സംഘടിപ്പിക്കുക, ആക്രമണങ്ങള്‍ നടത്തുക, നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക എന്നിവ സര്‍ക്കാര്‍ നിര്‍ത്തിവച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ ഫലപ്രദമാകൂ. ചര്‍ച്ചകള്‍ നടത്തുന്നതിന് പകരം സര്‍ക്കാര്‍ ആക്രമണം നടത്തുന്നതിനാല്‍ കോണ്ടഗാവ്, നാരായണപൂര്‍, ബിജാപൂര്‍ എന്നിവിടങ്ങളില്‍ പോലിസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ അവസ്ഥയ്ക്ക് സര്‍ക്കാരാണ് ഉത്തരവാദി.

തങ്ങളുടെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട 22 സുരക്ഷാ സൈനികരുടെ ദുഖിതരായ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച മാവോവാദികള്‍, പോലിസ് തങ്ങളുടെ ശത്രുക്കളല്ലെന്ന് പറഞ്ഞു. ഭരണവര്‍ഗങ്ങള്‍ കൊണ്ടുവന്ന അന്യായമായ യുദ്ധത്തില്‍ ബലിയാടാകരുതെന്ന് ഞങ്ങള്‍ പോലിസിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ബസ്തര്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ 'മോദിയുടെയും അമിത് ഷായുടെയും' രണ്ടായിരത്തോളം സൈനികര്‍ മൂന്ന് ദിവസം മുമ്പ് സുക്മയിലെയും ബീജാപൂരിലെയും ഗ്രാമങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ എത്തിയിരുന്നു. 'സമാധാന്‍ പ്രഹാര്‍' പ്രവര്‍ത്തനത്തിന്റെ പ്രധാന ലക്ഷ്യം പിഎല്‍ജിഎയെ ഇല്ലാതാക്കുക എന്നതായിരുന്നു. 2020 നവംബര്‍ മുതല്‍ നടന്ന ആക്രമണങ്ങളില്‍ 150 ഓളം സിവിലിയന്മാരും ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് സൈനികരെ വിന്യസിച്ച് സമാനമായ ആക്രമണം മൂന്ന് ദിവസം മുമ്പ് പോലിസ് സംഘടിപ്പിച്ചിരുന്നു.

നരേന്ദ്ര മോദിയുടെ ഏഴ് വര്‍ഷത്തെ ഭരണം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതും രാഷ്ട്രീയ സാഹചര്യങ്ങള്‍ വഷളാക്കിയതും ജനങ്ങളുടെ ജീവിതത്തിനും സ്വത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് മാവോവാദികള്‍ പറഞ്ഞു. 'നഗര നക്‌സലുകള്‍' എന്ന് മുദ്രകുത്തി ബുദ്ധിജീവികള്‍ക്കും ജനാധിപത്യത്തെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരുന്നു. 'ജല്‍ ജംഗിള്‍ ജമീന്‍' എന്ന മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍ ഈ അടിച്ചമര്‍ത്തലിനെതിരേ പോരാടുകയായിരുന്നു, മാവോവാദികള്‍ അവരുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നത് തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവന പുറത്തുവരുന്നതിന് മുമ്പ് സുക്മയിലെ പത്രപ്രവര്‍ത്തകനായ രാജാസിങ് റാത്തോഡിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. മാവോവാദി നേതാവ് ഹിദ്മയാണെന്ന് അവകാശപ്പെട്ടാണ് വിളിച്ചയാള്‍ സംസാരിച്ചതെന്ന് രാജാസിങ് പറഞ്ഞു. കാണാതായ ജവാന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അയാള്‍ പറഞ്ഞു. ജവാന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം സുരക്ഷിതനാണെന്നായിരുന്നു മറുപടി. ഹിദ്മയെന്ന് അവകാശപ്പെട്ട് വിളിച്ചയാള്‍ ജവാന്റെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ഉടന്‍ പങ്കുവെയ്ക്കാമെന്നും പറഞ്ഞതായി രാജാസിങ് വിശദീകരിച്ചതായി റിപോര്‍ട്ട് ഉണ്ടായിരുന്നു.

Similar News