സംസ്ഥാനത്ത് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കേന്ദ്ര പാക്കേജ് സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി

Update: 2020-03-26 14:13 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികില്‍സയിലുള്ളവരുടെ എണ്ണം 126 ആയി. ആകെ വൈറസ് ബാധിച്ചവര്‍ 138. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ കണ്ണൂര്‍ ജില്ലയിലാണ്. കാസര്‍കോട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നു വീതവും തൃശൂരില്‍ രണ്ടും ഇടുക്കിയിലും വയനാട്ടിലും ഓരോന്നും. എറണാകുളത്ത് ചികില്‍സയിലായിരുന്ന മൂന്ന് കണ്ണൂര്‍ സ്വദേശികളെയും രണ്ട് വിദേശ പൗരന്‍മാരെയുമാണ് ഇന്ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പത്തനംതിട്ടയില്‍ ചികില്‍സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി.ആകെ 1,20,003 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 1,01,402 പേര്‍ വീടുകളിലും 601 പേര്‍ ആശുപത്രികളിലുമാണ്. ഇന്നുമാത്രം 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5342 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3768 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കിയിട്ടുണ്ട്.

    കേന്ദ്ര ധനകാര്യമന്ത്രി കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചിട്ടതിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ കേരളം ആവശ്യപ്പെട്ടിരുന്നു. നാം ഏറ്റെടുത്ത കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ കേന്ദ്ര പാക്കേജിനെ ഉപയോഗിക്കാം എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഭീഷണി എത്ര കടുത്താലും അതിനെ നേരിടാന്‍ സംസ്ഥാനം എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെയുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തും. സംസ്ഥാനത്താകെ 879 സ്വകാര്യ ആശുപത്രികളില്‍ 69,434 കിടക്കകളുണ്ട്. 5607 ഐസിയു കിടക്കകളുണ്ട്. 716 ഹോസ്റ്റലുകളില്‍ 15,333 മുറികള്‍ ഉണ്ട്. ഇവയില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ആര്‍ക്കും ഭക്ഷണമില്ലാത്ത അവസ്ഥയുണ്ടാവാതിരിക്കാന്‍ തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുന്നതിന് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. 43 തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിനകം കമ്യൂണിറ്റി കിച്ചന്‍ തുടങ്ങി. 941 പഞ്ചായത്തുകളുള്ളതില്‍ 861 പഞ്ചായത്തുകള്‍ കമ്യൂണിറ്റി കിച്ചണുള്ള സ്ഥലം സജ്ജമാക്കി. 87 മുനിസിപ്പാലിറ്റികളില്‍ 84 ഇടത്തും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ആറ് കോര്‍പറേഷനുകളില്‍ ഒമ്പതിടങ്ങളിലായി കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയത്. ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഭക്ഷണവിതരണം ആരംഭിക്കും. ഭക്ഷണവിതരണത്തിനുള്ള പ്രാദേശിക വോളണ്ടിയര്‍മാരെ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിറവേറ്റണം.




Tags:    

Similar News