ഗള്‍ഫില്‍നിന്ന് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തടസ്സം നീക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ആഭ്യന്തര മന്ത്രലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം.

Update: 2020-04-24 06:34 GMT

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ്19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് തടസ്സങ്ങളും പ്രയാസങ്ങളും നേരിടുന്നതായി ജിസിസി രാജ്യങ്ങളിലെ മലയാളി സംഘടനകളില്‍ നിന്ന് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ നിര്‍ത്തിവെച്ചത് ഗള്‍ഫ് മലയാളികളെ ഇപ്പോള്‍ തന്നെ വലിയ പ്രയാസത്തിലും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമാക്കിയിട്ടുണ്ട്. അതിനിടെയാണ് പുതിയ പ്രശ്‌നം വന്നിട്ടുള്ളത്.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഇന്ത്യന്‍ എംബസികളാകട്ടെ, ദില്ലിയിലെ കേന്ദ്ര ആഭ്യന്തര മന്താലയത്തില്‍ നിന്ന് നിരാക്ഷേപ പത്രം (നോ ഒബ്ജക്ഷന്‍) വേണമെന്ന് നിര്‍ബന്ധിക്കുന്നു. എന്നാല്‍ കൊവിഡ് 19 കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുവദിച്ചിട്ടുണ്ട്. അതിന് ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റോ നിരാക്ഷേപ പത്രമോ ആവശ്യവും ഇല്ല. അന്താരാഷ്ട്ര ഫ്‌ളൈറ്റകള്‍ നിര്‍ത്തിയതുകൊണ്ട് ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നത്.

ആഭ്യന്തര മന്ത്രലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ഇക്കാര്യത്തിലുള്ള നൂലാമാലകള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മങ്ങള്‍ നടത്താനും സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

Tags: