കൊറോണ: മരണം 6000 കടന്നു; സ്‌പെയിനില്‍ 2000 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

1,63,332 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 5655 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്

Update: 2020-03-16 01:23 GMT

റോം: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം മരണ സംഖ്യം 6086 ആയി ഉയര്‍ന്നിട്ടുണ്ട്. 1,63,332 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 5655 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ 156 രാജ്യങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചു. ഇറാന്‍, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ദക്ഷിണകൊറിയ എന്നിവിടങ്ങളിലാണ് മരണ സംഖ്യ ഉയരുന്നത്. ഇറാനില്‍ പുതിയതായി 113 പേര്‍ മരിച്ചു. ഇറാനില്‍ 724 പേരാണ് ആകെ മരിച്ചത്. ഇറ്റലിയില്‍ 1441 പേര്‍ മരിച്ചു.

പുതിയ റിപ്പോര്‍ട്ട് പ്രകാരം സ്‌പെയിനിലാണ് രോഗം അതിവേഗം പടര്‍ന്ന് പിടിക്കുന്നത്. നൂറിലേറെ പേരാണ് 24 മണിക്കൂറിനിടെ സ്‌പെയിനില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.ഇതോടെ ഇറ്റലിക്കുശേഷം കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമായി സ്‌പെയിന്‍ മാറി. 7753 പേര്‍ക്കാണ് സ്‌പെയിനില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 288 പേരാണ് ഇതുവരെ മരിച്ചത്. കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ സ്‌പെയിന്‍ നാലാം സ്ഥാനത്തെത്തി.

അതിനിടെ, സ്‌പെയിന്‍ ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ച നിലയിലാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. ജോലിക്കും ചികിത്സ തേടുന്നതിനും ഭക്ഷണം വാങ്ങുന്നതിനും മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് ജനങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയിട്ടുള്ളത്. അതേസമയം, ചൈനയില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി. പുതിയതായി 25 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാന്‍സില്‍ 91 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. അമേരിക്കയില്‍ അഞ്ച് പേര്‍ കൂടി മരിച്ച് മരണസംഖ്യ 62 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ 14 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. ഇതുവരെ 35 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. നെതര്‍ലന്‍ഡ്!സിലും മരണസംഖ്യ ഉയര്‍ന്നു. കഴിഞ്ഞ ദിവസം എട്ട് പേര്‍ മരിച്ചു. ഇതോടെ മൊത്തം മരണ സംഖ്യ 20 ആയി. ദക്ഷിണകൊറിയയില്‍ 75 പേരാണ് മരിച്ചത്.

Tags: