രാജ്യത്ത് കൊവിഡ് 19 രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍; പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി
മൂന്നാംഘട്ടത്തിലേക്ക് കൊവിഡ് കടന്നാല്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകും. അതിലേക്ക് എത്താതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍ അറിയിച്ചു. വൈറസ് ബാധിച്ചവരുടെ എണ്ണം 139 ആയി. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇപ്പോഴത്തെ രണ്ടാംഘട്ടത്തില്‍ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊവിഡ് കടന്നാല്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകും. അതിലേക്ക് എത്താതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ചു. പനിയോ, ചുമയോ, ജലദോഷമോ പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ചികിത്സക്ക് വിധേയരാകണം.
മഹാരാഷ്ട്രയില്‍ മാത്രം 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ഇന്ത്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. 16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാളില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചു. യു.കെയില്‍ സന്ദര്‍ശനം നടത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം ബാധിച്ച് മരിച്ച മഹാരാഷ്ട്ര സ്വദേശി ഇടപഴകിയ സ്ഥലങ്ങളിലുള്ളവര്‍ നിരീക്ഷണത്തിലാണ്. കോവിഡ് പരിശോധനകള്‍ക്കായി കൂടുതല്‍ ലാബുകള്‍ സജ്ജീകരിക്കുമെന്ന് ഐ സി എം ആര്‍ അറിയിച്ചു.
യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, അഫ്ഗാനിസ്ഥാന്‍, ഫിലീപ്പീന്‍സ്, മലേസ്യ എന്നിവിടങ്ങളില്‍ നിന്ന് മാര്‍ച്ച് 31 വരെ ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രോഗവ്യാപനത്തെ തുടര്‍ന്ന് സതേണ്‍ റെയില്‍വേ 17 ഉം വെസ്‌റ്റേണ്‍ റെയില്‍വേ പത്ത് ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.മേഘാലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാര്‍ച്ച് 31 വരെ അടച്ചു .കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷന്‍ദ്ധന്‍ രാഷ്ട്രപതിയുമായി ചര്‍ച്ച നടത്തി.കോവിഡ് 19 രോഗം ബാധിച്ച 13 പേര്‍ ഇതുവരെ ആശുപത്രി വിട്ടു.

