കൊവിഡ് 19: സംസ്ഥാനത്ത് ചികിത്സയിലുളളവരുടെ എണ്ണം 181 ആയി; തിരുവനന്തപുരത്തെ രോഗിയുടെനില ഗുരുതരം

തിരുവനന്തപുരത്തെ പോത്തന്‍കോടുള്ള 68കാരനായ രോഗിയുടെ നില ഗുരുതരമായി തുടരുന്നു. ഇപ്പോള്‍ തീവ്രപരിചരണം വിഭാഗത്തിലാണ്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത ഇദ്ദേഹത്തിന് എവിടെനിന്നാണ് വൈറസ് ബാധയേറ്റതെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

Update: 2020-03-30 03:07 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 202 ആയി. ഞായറാഴ്ച 21 പേര്‍ക്കാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചത്.നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊവിഡ് ചികിത്സയിലുള്ളത്. തിരുവനന്തപുരത്തെ പോത്തന്‍കോടുള്ള 68കാരനായ രോഗിയുടെ നില ഗുരുതരമായി തുടരുന്നു. ഇപ്പോള്‍ തീവ്രപരിചരണം വിഭാഗത്തിലാണ്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത ഇദ്ദേഹത്തിന് എവിടെനിന്നാണ് വൈറസ് ബാധയേറ്റതെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

23ന് ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് ഇയാളെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 18ന് ഇയാള്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഇയാളെ ചികിത്സിച്ച ഡോക്ടര്‍മാരും നിരീക്ഷണത്തിലാണ്. ഇയാള്‍ക്ക് എങ്ങിനെ രോഗബാധ ഉണ്ടായി എന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് പരിശോധിച്ച് വരുകയാണ്.

കണ്ണൂരില്‍ എട്ട് പേര്‍ക്കും കാസര്‍ക്കോട് ഏഴ് പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ഇടുക്കി ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗബാധ ഉണ്ട്. എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധനാ ചുമതലയുണ്ടായിരുന്നയാളാണ്. ഇയാള്‍ക്കൊപ്പം വിമാനത്താവളത്തില്‍ പരിശോധന ചുമതലയുണ്ടായിരുന്ന ജീവനക്കാരെ നിരീക്ഷണത്തിലാക്കി. നേരത്തെ കോട്ടയത്ത് ഒരു ആരോഗ്യപ്രവര്‍ത്തകയേക്കും രോഗബാധ കണ്ടെത്തിയിരുന്നു.

ഇടുക്കിയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പൊതുപ്രവര്‍ത്തകനുമായി ഇടപെട്ട ഒരാള്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. അതേസമയം, പൊതുപ്രവര്‍ത്തകന്റെ ബന്ധുക്കളുടെ ഫലം നെഗറ്റീവാണ്. വിവിധ ജില്ലകളിലായി 1,41,211 പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുളളത്. ഇതില്‍ 593 പേരാണ് ആശുപത്രികളിലുളളത്.

അതേസമയം, അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സമൂഹ വ്യാപനമുണ്ടായെന്ന സംശയം ശക്തമായി. ഇതോടെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി അധികൃതര്‍. സംസ്ഥാനത്തുടനീളം അവശ്യ സാധനങ്ങളുടെ വില്‍പ്പന ഉച്ചയ്ക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകളുടെ സമയം രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെയാക്കി കുറച്ചു. ചരക്ക് വാഹനങ്ങള്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ മാത്രമേ ചെന്നൈയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കൂ.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സമയം വെട്ടിച്ചുരുക്കി. മാര്‍ച്ച് 15ന് ശേഷം വിദേശത്ത് നിന്ന് എത്തിയവരേയും സമ്പര്‍ക്കം പുലര്‍ത്തിയവരേയും കര്‍ശനമായി ക്വാറന്റൈനില്‍ പാര്‍പ്പിക്കും. സംസ്ഥാനത്ത് ഇതുവരെ അമ്പത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച കോയമ്പത്തൂര്‍ റെയില്‍വേ ആശുപത്രി ഡോക്റായ കോട്ടയം സ്വദേശിനിയുടേയും ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞിന്റേയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News