കൊറോണ ജാഗ്രത: ഉറൂസ്, ഉല്‍സവം, കുര്‍ബാനകള്‍ നിര്‍ത്തിവച്ചതായി മതസംഘടനാ നേതാക്കള്‍

കൊറോണ കൂടുതല്‍ പേരിലെത്തുന്ന സാഹചര്യമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതി വരും

Update: 2020-03-15 14:10 GMT

കണ്ണൂര്‍: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി അനിവാര്യമായവ ഒഴികെയുള്ള മുഴുവന്‍ ചടങ്ങുകളും ഒഴിവാക്കാനും അനിവാര്യമായവയില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാനും തീരുമാനം. ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത മത സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍, തെയ്യങ്ങള്‍, അന്നദാനച്ചടങ്ങുകള്‍, മുസ് ലിം പള്ളികളിലെ ടാങ്കുകളില്‍ നിന്നുള്ള അംഗശുദ്ധി വരുത്തല്‍, പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍, മതപ്രഭാഷണങ്ങള്‍, നേര്‍ച്ചകള്‍, ഉറൂസുകള്‍, ക്രിസ്തീയ ദേവാലയങ്ങളിലെ തിരുനാള്‍ ആഘോഷങ്ങള്‍, ആദി കുര്‍ബാന ചടങ്ങുകള്‍, കുരിശിന്റെ വഴി തുടങ്ങിയവ നിര്‍ത്തിവച്ചതായി ബന്ധപ്പെട്ട മതസംഘടനാ പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു.

    മാറ്റിവയ്ക്കാനാവാത്ത ആരാധനാ ചടങ്ങുകളില്‍ ഉള്‍പ്പെടെ ആളുകളുടെ എണ്ണം പരമാവധി കുറച്ചാല്‍ മാത്രമേ പ്രതിരോധ നടപടികള്‍ ഫലവത്താവുകയുള്ളൂവെന്ന് കലക്ടര്‍ പറഞ്ഞു. നിലവില്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ഥനകളുടെയും ചടങ്ങുകളുടെയും സമയദൈര്‍ഘ്യം കുറച്ചുവെന്നത് ശ്ലാഘനീയമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമായില്ല. കൊറോണ വാഹകനില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരാന്‍ ഏതാനും നിമിഷങ്ങള്‍ മതിയാവും. രോഗം പകരുന്നത് തടയാന്‍ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മതമേലധ്യക്ഷന്‍മാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ചില െ്രെകസ്തവ പള്ളികള്‍ ലൈവ് സ്ട്രീമിങ് വഴി വിശ്വാസികള്‍ക്ക് വീടുകളില്‍ വച്ച് പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ സംവിധാനമൊരുക്കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

    കൊറോണ കൂടുതല്‍ പേരിലെത്തുന്ന സാഹചര്യമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതി വരും. ഒരു പ്രതിരോധ നടപടിയും ഫലപ്രദമാവാത്ത അവസ്ഥയാണ് അതുണ്ടാക്കുക. അത്തരമൊരു ദുരന്തത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തരുത് എന്ന ബോധ്യത്തോടെ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. പൊതുജനാരോഗ്യ സംരക്ഷണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ പരമാവധി ജാഗ്രത പുലര്‍ത്താന്‍ ഓരോരുത്തരും മുന്നോട്ടുവരണം. കൊറോണ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്നെത്തി വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരില്‍ ചിലരെങ്കിലും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായി പ്രാദേശിക തലങ്ങളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. കൊറോണ നിയന്ത്രണവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിമുഖത കാണിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് കൂട്ടായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വിവാഹങ്ങള്‍ പരമാവധി മാറ്റിവയ്ക്കാനും ഒഴിവാക്കാനാവാത്തവ അനിവാര്യ ചടങ്ങുകളിലൊതുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ ആരാധനാകര്‍മങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. മരണാനന്തര ചടങ്ങുകളില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുകയും വേഗത്തില്‍ തന്നെ ചടങ്ങുകള്‍ നിര്‍വഹിക്കുകയും ചെയ്യണം. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികളില്‍ പോലിസും ആരോഗ്യ വകുപ്പും ചേര്‍ന്ന് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലും സ്‌ക്രീനിങിന് സംവിധാനമൊരുക്കിയിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ മതനേതാക്കള്‍ കാണിക്കുന്ന താല്‍പര്യം ശ്ലാഘനീയമാണെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു.


കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, എഡിഎം ഇ പി മേഴ്‌സി, ഡിവൈഎസ്പി ടി പി പ്രേമരാജന്‍, ഡെപ്യൂട്ടി ഡിഎംഒയും ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫിസറുമായ ഡോ. കെ എം ഷാജ്, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. ബി സന്തോഷ്, വിവിധ മതസംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Tags:    

Similar News