കൊറോണ: കണ്ണൂരില്‍ 305 പേര്‍ നിരീക്ഷണത്തില്‍; ഇതരഭാഷകളിലും മുന്നറിയിപ്പുകള്‍

കന്നഡ, ഹിന്ദി, ബംഗാളി, തമിഴ് ഭാഷകളിലാണ് അറിയിപ്പുകള്‍ എന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിക്കുന്നത്.

Update: 2020-03-15 10:34 GMT

കണ്ണൂര്‍: കൊറോണ ജാഗ്രത തുടരുന്നതിനിടെ കണ്ണൂരില്‍ നിലവില്‍ വീടുകളിലും ആശുപത്രികളിലുമായി 305 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 45 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ജില്ലാ ആശുപത്രി-20, പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്-23, തലശ്ശേരി ജനറല്‍ ആശുപത്രി-2 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ മഹാഭൂരിഭാഗവും വിവിധ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചവരാണ്. സിംഗപ്പൂര്‍-2, ദോഹ-2, ദുബയ്-20, പത്തനംതിട്ട-6, ബഹ്‌റയ്ന്‍-1, അബൂദബി-3, ഇറ്റലി-1, സൗദി അറേബ്യ-1, അജ്മാന്‍-2, ഡല്‍ഹി-1, മറ്റുള്ളവര്‍-5 എന്നിങ്ങനെയാണു സന്ദര്‍ശിച്ചവരുടെ കണക്ക്. നിലവില്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ള 260 പേരാണ്. ശനിയാഴ്ച വരെ 91 സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതില്‍ 76 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ ഒരാളുടേതു മാത്രമാണ് കൊവിഡ്-19 പോസിറ്റീവുള്ളത്. കൊറോണയുമായി ബന്ധപ്പെട്ട് ഇതുവരെ 699 പേരെയാണ് ജില്ലയില്‍ നിരീക്ഷണത്തിനു വിധേയമാക്കിയത്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെ എണ്ണം 65 ആണ്.

    അതിനിടെ, കൊറോണ ബോധവല്‍ക്കരണത്തിന്റെ മുന്നറിയിപ്പുകള്‍ ഇതരഭാഷകളിലും പുറപ്പെടുവിച്ചു. കന്നഡ, ഹിന്ദി, ബംഗാളി, തമിഴ് ഭാഷകളിലാണ് അറിയിപ്പുകള്‍ എന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാനത്ത് തൊഴിലെടുക്കാനും മറ്റുമായി എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. നേരത്തേ ഇതര സംസ്ഥാന തൊഴിലാളികളെ ബോധവല്‍ക്കരിക്കാനായി കണ്ണൂര്‍ ജില്ലാ ഭരണകൂടം വീഡിയോയും തയ്യാറാക്കിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്താനും തീരുമാനിച്ചിരുന്നു.




Tags:    

Similar News