കൊവിഡ് പ്രതിരോധം; തൃശൂരില്‍ മത മേലധ്യക്ഷന്‍മാരുടെ യോഗം ചേര്‍ന്നു

Update: 2022-02-04 08:49 GMT

തൃശൂര്‍: ജില്ലയില്‍ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരണം ഉറപ്പുവരുത്തുന്നതിനായി മന്ത്രി കെ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ മത മേലധ്യക്ഷന്‍മാരുടെ യോഗം ചേര്‍ന്നു. സര്‍ക്കാര്‍ കൈക്കൊള്ളുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണാര്‍ഥത്തില്‍ സഹകരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ഉറപ്പു നല്‍കി.

കൊവിഡ് ഒന്നും രണ്ടും തരംഗങ്ങളിലേതിനേക്കാള്‍ കൂടുതല്‍ പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും അതിനാല്‍ ഇടക്കാലത്ത് കൈവിട്ടുപോയ ജാഗ്രത തിരിച്ചുപിടിക്കണമെന്നും മന്ത്രി പറഞ്ഞു. സമൂഹത്തെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ കഴിയുന്ന വിഭാഗം എന്ന നിലയില്‍ മതമേലധ്യക്ഷന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ച് ആരാധനാകര്‍മങ്ങള്‍, ഉല്‍സവങ്ങള്‍, എഴുന്നള്ളിക്കാവുന്ന ആനകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് യോഗത്തില്‍ സംസാരിച്ച പ്രതിനിധികള്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കൊവിഡ് വ്യാപനം നിയന്ത്രണാധീനമാകുന്ന സാഹചര്യം ഉണ്ടായാലുടന്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ എംഎല്‍എമാരായ ടൈസണ്‍ മാസ്റ്റര്‍, എന്‍ കെ അക്ബര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഡിപിഎം ഡോ. രാഹുല്‍, ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) ഐ ജെ മധുസൂദനന്‍, വിവിധ മത മേലധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News