കോവിഡ് 19: മെഡിക്കല്‍ സംഘം നാളെ ഇറ്റലിയിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യമന്ത്രി

ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ യാതൊരു പരിശോധനയുമില്ലാതെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചാല്‍ അത് പരിഭ്രാന്തി പരത്തുമെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

Update: 2020-03-11 11:54 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ ഇന്ത്യക്കാരെ പരിശോധനയ്ക്ക് ശേഷം തിരിച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍ അറിയിച്ചു. ഇന്ത്യക്കാരെ പരിശോധിക്കുന്നതിനായി ഒരു മെഡിക്കല്‍ സംഘം നാളെ ഇറ്റലിയിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

ഇറ്റലിയിലെയും ഇറാനിലെയും സ്ഥിതി വളരെയധികം ആശങ്കയുണ്ടാക്കുന്നതാണെന്നും ഉചിതമായ പരിശോധനയ്ക്ക് ശേഷം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

90 രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കര്‍, ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ യാതൊരു പരിശോധനയുമില്ലാതെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചാല്‍ അത് പരിഭ്രാന്തി പരത്തുമെന്നും പറഞ്ഞു. ചൈനയിലെ വുഹാനില്‍ നിന്ന് മാത്രമാണ് ഇടപെട്ട് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്നതെന്ന് ജയശങ്കര്‍ പറഞ്ഞു.

ഇറാന്‍ പ്രവിശ്യയിലെ 6000 ത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം സഭയെ അറിയിച്ചു. ഇതില്‍ കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള 1,100 തീര്‍ഥാടകര്‍ ഉള്‍പ്പെടുന്നു.

ജമ്മുകശ്മീരില്‍ നിന്നുള്ള മുന്നൂറോളം വിദ്യാര്‍ത്ഥികളുണ്ട്. കേരളം, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളും ഇറാനിലുണ്ട്. ഇറാനില്‍ നിന്ന് തീര്‍ത്ഥാടകരേയും പിന്നീട് വിദ്യാര്‍ത്ഥികളേയും നാട്ടില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കൊറോണ വൈറസ് ബാധിക്കാത്ത ഇറാനിലെ ചില ഭാഗങ്ങളിലാണ് മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 58 ഇന്ത്യന്‍ തീര്‍ഥാടകര്‍ ഇതിനകം ഇറാനില്‍ നിന്ന് മടങ്ങിയെത്തിയെന്നും ഇവരെ പരിശോധിച്ചതില്‍ കൊറോണ വൈറസ് നെഗറ്റീവ് ആയിരുന്നെന്നും മന്ത്രി അറിയിച്ചു. രണ്ടാം ബാച്ചില്‍ 529 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നെഗറ്റീവ് ആയവരെ അടുത്ത വിമാനത്തില്‍ തിരിച്ചുകൊണ്ടുവരും. ജയശങ്കര്‍ പറഞ്ഞു.

Tags:    

Similar News