കൊറോണ: ഇന്ത്യന്‍ തടവുകാര്‍ക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

യാത്രക്കാരായ ഓരോ തടവുകാര്‍ക്കും പ്രത്യേകമായി കൊറോണ വൈറസ് വിമുക്ത സട്ടിഫിക്കറ്റ് വേണമെന്ന് ഇന്ത്യന്‍ അധികൃതര്‍ ആവശ്യപ്പെട്ടതോടെയാണു അവസാന നിമിഷം യാത്ര മുടങ്ങിയതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.

Update: 2020-03-23 01:46 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നുള്ള ഇന്ത്യന്‍ തടവുകാരെ സ്വീകരിക്കുന്നതിനു ഇന്ത്യന്‍ അധികൃതര്‍ അനുമതി നിഷേധിച്ച സംഭവം കുവൈത്ത് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. യാത്രക്കാരായ ഓരോ തടവുകാര്‍ക്കും പ്രത്യേകമായി കൊറോണ വൈറസ് വിമുക്ത സട്ടിഫിക്കറ്റ് വേണമെന്ന് ഇന്ത്യന്‍ അധികൃതര്‍ ആവശ്യപ്പെട്ടതോടെയാണു അവസാന നിമിഷം യാത്ര മുടങ്ങിയതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.

താമസ നിയമ ലംഘനം അടക്കം വിവിധ കുറ്റങ്ങളില്‍ പിടിയിലായ ഇന്ത്യന്‍ തടവുകാരുടെ യാത്രയാണു കുവൈത്ത് വിമാന താവളത്തില്‍ വെച്ച് അവസാന നിമിഷം മുടങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 12.15 നും കാലത്ത് 9.15 നുമായി രണ്ടു വിമാനങ്ങളില്‍ മുംബയിലേക്ക് പുറപ്പെടാനിരുന്നവരായിരുന്നു ഇവര്‍. എന്നാല്‍ ആദ്യ വിമാനത്തിനു ഇന്ത്യന്‍ അധികൃതര്‍ അനുമതി നിഷേധിച്ചതോടെ രണ്ടാമത്തെ വിമാനവും യാത്ര റദ്ധാക്കുകയായിരുന്നു. ഇത്രയും പേര്‍ക്ക് കരുതല്‍ വാസത്തിനു സൗകര്യമില്ലെന്നായിരുന്നു അനുമതി നിഷേധിക്കുന്നതിനു ഇന്ത്യന്‍ അധികൃതര്‍ കുവൈത്ത് അധികൃതരെ ആദ്യം അറിയിച്ച കാരണം.

എന്നാല്‍ പിന്നീടാണു ഒരോ യാത്രക്കാര്‍ക്കും കൊറോണ വൈറസ് വിമുക്ത സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതിനായി ആഭ്യന്തര മന്ത്രാലയം കുവൈത്ത് വിദേശ കാര്യ മന്ത്രാലയവുമായി ഏകോപനം നടത്തി വരികയാണു. ഫിലിപ്പീന്‍സുകാരായ തടവുകാരുടെയും യാത്രക്ക് ഇതേ കാരണത്താല്‍ ആ രാജ്യം അനുമതി നിഷേധിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാന്‍ പൊതുമാപ്പ് പ്രഖ്യാപിക്കുവാനുള്ള ആഭ്യന്തര മന്ത്രാലം സമര്‍പ്പിച്ച നിര്‍ദ്ദേശം കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് സംബധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണു ലഭിക്കുന്ന വിവരം. മാത്രവുമല്ല കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിദേശികളുടെ സാന്നിധ്യം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ പുറത്തേക്കുള്ള യാത്ര പ്രോല്‍സാഹിപ്പിക്കുന്നതിനു കുവൈത്ത് വിമാനതാവളം തുറന്നു കൊടുക്കാന്‍ ആലോചിച്ചു വരികയുമാണു കുവൈത്ത് അധികൃതര്‍.

Tags: