രാജ്യത്ത് കൊറോണ ബാധിതര്‍ 195 ആയി; നാല് മരണം

വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ മാത്രം 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു.

Update: 2020-03-20 04:58 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 195 ആയി. 163 ഇന്ത്യക്കാര്‍ക്കും 32 വിദേശ പൗരന്‍മാര്‍ക്കുമാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ മരിച്ചു. ഇറാനില്‍ ഒരാള്‍ മരിച്ചതടക്കം അഞ്ച് ഇന്ത്യന്‍ പൗരന്‍മാരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 19 പേരുടെ രോഗം ബേധമാക്കാനായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ മാത്രം 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു.

പഞ്ചാബ് സ്വദേശിയായ 70 കാരന്‍ ബാന്‍ഗ ടൗണിലെ സിവില്‍ ആശുപത്രിയിലാണ് മരിച്ചത്. ജര്‍മ്മനിയിലും ഇറ്റലിയിലും സന്ദര്‍ശനം നടത്തിയ ഇയാള്‍ മാര്‍ച്ച് 7നാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.

19 സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ സൂറത്തിലും രാജ്‌കോട്ടിലും ഒരോ കേസുകള്‍ സ്ഥിരീകരിച്ചു. ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്ന ആറുപേര്‍ ചാടിപോയി.

പോലിസ് ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. 20ലധികം പേര്‍ ഡല്‍ഹിയില്‍ സംഘടിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കൈയ്യികളില്‍ മുദ്ര പതിപ്പിക്കും. നിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദ്ദേശം ലംഘിക്കുകയാണെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഗ്രൂപ്പ് ബിയിലും സിയിലുമുള്ള 50 ശതമാനം ആളുകളോട് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. 50 ശതമാനം പേര്‍ ജോലിക്ക് വരണം. പഞ്ചാബിലെ എല്ലാ പൊതുഗതാഗത സംവിധാനവും ഇന്ന് മുതല്‍ നിര്‍ത്തും.

രാജ്യത്ത് ജനതാ കര്‍ഫ്യൂവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഹ്വാനം ചെയ്തിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരേയാണ് കര്‍ഫ്യൂ. സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും ജനതാ കര്‍ഫ്യൂ ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News