മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം: മുഖ്യമന്ത്രി പദത്തിന് ചരട് വലിച്ച് ശിവസേന; ശിവസേനയെ പാട്ടിലാക്കാന്‍ കോണ്‍ഗ്രസ്

രണ്ടര വര്‍ഷം വീതം ഇരു പാര്‍ട്ടികളും മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന 50: 50 ഫോര്‍മുലയില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവസേന. രണ്ടര വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കു നല്‍കാമെന്ന് ബിജെപി എഴുതി നല്‍കണമന്ന നിര്‍ദേശം സേന മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Update: 2019-10-26 13:47 GMT

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിന് സമ്മര്‍ദ്ദം ശക്തമാക്കി ശിവസേന. താക്കറെ കുടുംബത്തിലെ ഇളംമുറക്കാരന്‍ ആദിത്യ താക്കറയെ മുഖ്യമന്ത്രിയാക്കാനാണ് ശിവസേനാ നീക്കം. 29കാരനായ ആദിത്യ വര്‍ളിയില്‍നിന്നാണ് മത്സരിച്ചു ജയിച്ചത്.

ഭരണ കാലാവധി പങ്കിടണമെന്ന നിലപാടില്‍ ശിവസേന ഉറച്ചുനിന്നതോടെ തിരഞ്ഞെടുപ്പു ഫലം വന്നു രണ്ടു ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം തൃശങ്കുവിലാണ്. രണ്ടര വര്‍ഷം വീതം ഇരു പാര്‍ട്ടികളും മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന 50: 50 ഫോര്‍മുലയില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവസേന. രണ്ടര വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കു നല്‍കാമെന്ന് ബിജെപി എഴുതി നല്‍കണമന്ന നിര്‍ദേശം സേന മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി ഇതിനോടു പ്രതികരിച്ചിട്ടില്ല.

അതിനിടെ, മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും ശ്രമം തുടങ്ങി. അഞ്ചു വര്‍ഷക്കാലവും മുഖ്യമന്ത്രി പദം ശിവസേനയ്ക്കു വിട്ടുകൊടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. മുഖ്യമന്ത്രി സ്ഥാനം അഞ്ചുവര്‍ഷത്തേക്ക് വേണോ, രണ്ടര വര്‍ഷത്തേക്ക് വേണോയെന്ന് ശിവസേന തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിജയ് വദേത്തിവര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ദേശീയ നേതൃത്വമായും സഖ്യകക്ഷിയായ എന്‍സിപിയുമായും ചര്‍ച്ച നടത്തുമെന്നു കോണ്‍ഗ്രസ് മഹാരാഷ്ട്ര അധ്യക്ഷന്‍ ബാലാസാഹേബ് തോരത് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും സീറ്റ് കുറഞ്ഞ പശ്ചാത്തലത്തിലാണ് നേതൃ പദവി പങ്കിടണമെന്ന ആവശ്യം സേന മുന്നോട്ടുവച്ചത്. 288 അംഗ സഭയില്‍ ബിജെപിയുടെ അംഗബലം 122ല്‍നിന്ന് 105 ആയി കുറഞ്ഞിരുന്നു. സേന എംഎല്‍എമാരുടെ എണ്ണം 63ല്‍നിന്ന് 56 ആയാണ് കുറഞ്ഞത്.

അതേസമയം, ഉദ്ദവ് താക്കറെയുമായി സഹകരിക്കുന്നതിനെ എന്‍സിപി തള്ളിയിരുന്നു. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് 161സീറ്റുകളും കോണ്‍ഗ്രസ് -എന്‍സിപി സഖ്യത്തിന് 98സീറ്റുകളും ലഭിച്ചിട്ടുണ്ട്.

Tags:    

Similar News